പായസ വിതരണം ‘പണി’യായി! മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ‘പ്രിയദർശിനി’ ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പൊള്ളലേറ്റു. ബസിനുള്ളിൽ നടന്ന പായസവിതരണത്തിനിടെ അബദ്ധത്തിൽ ചൂടുള്ള പായസം മന്ത്രിയുടെ തലയിൽ വീഴുകയായിരുന്നു.

ഉദ്ഘാടനത്തിനുശേഷം മന്ത്രി ബസിൽ യാത്ര നടത്തുന്നതിനിടെയായിരുന്നു സംഭവം. മന്ത്രിക്ക് നൽകാനായി കോൺഗ്രസ് പ്രവർത്തകർ ബസിനുള്ളിലേക്ക് പായസം എത്തിച്ചിരുന്നു. എന്നാൽ, പരിപാടിക്കിടെ ബസിനുള്ളിലുണ്ടായിരുന്ന വലിയ തിരക്കും തിക്കിലും തിരക്കിലും പെട്ട് പായസം നിറച്ച പാത്രം മന്ത്രിയുടെ തലയിലേക്ക് തട്ടുകയായിരുന്നുവെന്നാണ് വിശദീകരണം.

അപകടം നടന്നയുടൻ കൂടെയുണ്ടായിരുന്നവർ ഷാൾ ഉപയോഗിച്ച് മന്ത്രിയുടെ തലയും മുഖവും വൃത്തിയാക്കി. പരിക്കേറ്റെങ്കിലും, ഉദ്ഘാടന പരിപാടിയുമായി മുന്നോട്ടുപോയ മന്ത്രി, ചിന്നക്കട വരെ ബസിൽ യാത്ര ചെയ്ത് മടങ്ങുകയും ചെയ്തു. പ്രവർത്തകരുടെ തിരക്കിനിടയിൽ അപ്രതീക്ഷിതമായി സംഭവിച്ചതാണ് ഈ അപകടമെന്നും മനഃപൂർവ്വമല്ലെന്നും പ്രവർത്തകർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ പരിശോധന നടന്നു വരികയാണ്.