മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മക്കളും കക്കുകയാണെന്ന് പി സി ജോർജ്

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മക്കളും കക്കുകയാണെന്ന് പി സി ജോർജ്. പോപ്പുലർ ഫ്രണ്ടാണ് ഇതിന് പിന്തുണ നൽകുന്നതെന്നും മോദിയുടെ ഔദാര്യമില്ലാതെ ഇനി കേരളത്തിന് രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന ശേഷം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ ഇപ്പോൾ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മുഴുവൻ കർഷകരും ആത്മഹത്യ ചെയ്യുന്നു. ചെറുപ്പക്കാരെല്ലാം ഇന്ത്യ വിട്ട് പോവുകയാണ്. അതിനിടെയാണ് പിണറായി വിജയന്റെ ഈ വൃത്തികെട്ട കൊലപാതക രാഷ്ട്രീയം. കേരളത്തിലെ എത്രമാത്രം ആർഎസ്എസ് – ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതെല്ലാം പിണറായിയുടെ അറിവില്ലാതെ നടക്കുമെന്ന് തോന്നുന്നുണ്ടോ? 200ഓളം ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു.
അതിൽ പലതും പോപ്പുലർ ഫ്രണ്ട് വർഗീയ വാദികൾ ചെയ്ത കൊലപാതകമാണ്. ഇതിനെയെല്ലാം നേരിടണമെങ്കിൽ ശക്തമായ ഭരണം വരണം. പിണറായി വിജയന്റെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. പിണറായിയുടെ ഭാര്യയും മകളും മകനുമെല്ലാം കക്കുകയാണ്. അതിന് കൂട്ടുനിൽക്കുന്നത് ഈ പോപ്പുലർ ഫ്രണ്ട് ഭീകരരാണ്. മുസ്ലീം കമ്മ്യൂണിറ്റിയെ ഇവർ വിലയ്ക്കെടുക്കുകയാണ്. ഒരു കാലത്തും ഉണ്ടാകാത്ത സാമ്പത്തിക വളർച്ചയാണ് മോദിയുടെ ഭരണത്തോടെ രാജ്യത്തിന് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദാര്യമില്ലാതെ ഇനി കേരളത്തിന് രക്ഷയില്ല. പി സി ജോർജ് പറഞ്ഞു.
രണ്ട് മാസമായി നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ബിജെപിയിൽ ചേർന്നതെന്ന് പി സി ജോർജ് ഇന്നലെ പ്രതികരിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇന്നലെയെന്ന് ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണി പറഞ്ഞു. കേരളത്തിലെ റോമൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള പ്രധാനപ്പെട്ട നേതാവാണ് പി സി ജോർജെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിവരുന്ന നേതാവാണ് പി സി ജോർജെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞത്. കേരളത്തിൽ കോൺഗ്രസ് സിപിഎമ്മുമായി അഡ്ജസ്റ്റ്മെന്റിലാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരായി നടത്തുന്ന വ്യാജ പ്രചാരണങ്ങളെ പിസി ജോര്‍ജിന്റെ പ്രവേശനം തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.