കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം ഇരയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കി. ഡിവിഷന് ബെഞ്ചിനാണ് അപ്പീല്‍ നല്‍കിയത്. നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് നിലനില്‍ക്കില്ലെന്നും വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യത ഇല്ലെന്നുമാണ് സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, അപ്പീല്‍ നല്‍കാനുളള സര്‍ക്കാര്‍ തീരുമാനം ഖേദകരമാണെന്നും വേദനിപ്പിക്കുന്നത് സര്‍ക്കാരാണെന്നും കുട്ടിയുടെ പിതാവ് ജയചന്ദ്രന് വ്യക്തമാക്കി. എന്റെ കുട്ടിയെ സര്‍ക്കാര്‍ ചേര്‍ത്ത് നിറുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കുകയും വേണമെന്നും ഉത്തരവിട്ടിരുന്നു. അപമാനിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നും പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്കി. നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.
സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞിരുന്നു. തനിക്ക് മൂന്നു കുഞ്ഞുങ്ങളാണെന്നും ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായെന്നും ഭര്‍ത്തൃമാതാവിന്റെ സംരക്ഷണച്ചുമതല തനിക്കുണ്ടെന്നും രജിത കോടതിയില്‍ പറഞ്ഞെങ്കിലും മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം നിലപാടെടുത്തു.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി തന്നെ വിചാരണ ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥ സി.പി. രജിതയ്ക്കെതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റ് 27ന് തുമ്പയിലെ വി.എസ്.എസ്.സിയിലേക്ക് വലിയ കാര്‍ഗോ കൊണ്ടുപോകുന്നതു കാണാന്‍ ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ഇരുവരെയും അപമാനിച്ചത്. കാണാനില്ലെന്നുപറഞ്ഞ ഫോണ്‍ പോലീസിന്റെ വാഹനത്തില്‍ത്തന്നെ ഉണ്ടായിരുന്നു.