കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരനെ വിരട്ടാന്‍ പോലീസ്; അക്രമമുണ്ടായാല്‍ ശക്തമായ നടപടിയെന്ന് അസാധാരണ നോട്ടീസ്

സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സുധാകരന് ‘മുന്നറിയിപ്പുമായി’ പൊലീസിന്റെ അസാധാരണ നോട്ടിസ്. കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പൊലീസിനെതിരെ ആക്രമണമുണ്ടായാല്‍ ശക്തമായ നടപടി തന്നെ നേരിടേണ്ടിവരുമെന്നാണു കത്തിലെ മുന്നറിയിപ്പ്. കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണറാണു ഇന്ന് രാവിലെ സുധാകരന് അസാധാരണമായ കത്തു നല്‍കിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കെപിസിസി പ്രസിഡന്റാണ്. മാര്‍ച്ചിനിടെ പൊലീസിനു നേരെയും കലക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അക്രമം തടയാതിരുന്നാല്‍ ഉദ്ഘാടകന്‍ എന്ന നിലയില്‍ സുധാകരനെതിരെ നിയമനടപടിയുണ്ടാകും.
പ്രതിഷേധ റാലിക്കു മുന്നോടിയായി ഇത്തരത്തില്‍ നോട്ടിസ് നല്കുന്ന കീഴ് വഴക്കം പോലീസിലില്ല. എന്നാല്‍ അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അക്രമമുണ്ടാകുന്നതു തടയാന്‍ വേണ്ടി ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 149-ാം വകുപ്പു പ്രകാരമാണു നോട്ടിസ് നല്‍കിയതെന്ന് പോലീസ് അറിയിച്ചു.