പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാല്‍; സജി ചെറിയാന്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ മാറ്റത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും തര്‍ക്കങ്ങളുടെ പുറത്തല്ല മാറ്റം. അറിയിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നത്. പ്രേംകുമാറിനെ അറിയിക്കാന്‍ അക്കാദമിയെ അറിയിച്ചിരുന്നു. പ്രേംകുമാര്‍ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. പ്രേംകുമാറിന് അര്‍ഹമായ എല്ലാ പരിഗണനയും നല്‍കിയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

പ്രേം കുമാറിനെ അക്കാദമിയുടെ ഭാഗത്ത് നിന്നും അറിയിച്ചു കാണും എന്ന് കരുതുന്നു. അതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. ആശാ സമരത്തെ പ്രകീര്‍ത്തിച്ചത് കൊണ്ടാണ് പ്രേംകുമാറിനോട് അനിഷ്ടം ഉള്ളത് എന്ന വാദം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രേം കുമാര്‍ ഇതുവരെ ഇടതുപക്ഷ വിരുദ്ധമായി അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ല. പ്രേംകുമാറിനോട് കഴിഞ്ഞദിവസം സംസാരിച്ചിരുന്നു. അദ്ദേഹം നല്‍കിയത് മികച്ച സേവനമാണെന്നും അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കിയത് നല്ല അവസരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര മേളയുടെ നടത്തിപ്പില്‍ സംഘാടക മികവ് എന്നത് പ്രേംകുമാറിന്റെതു മാത്രമല്ലെന്ന് പറഞ്ഞ മന്ത്രി എല്ലാവരും ചേര്‍ന്നാണ് മേള നടത്തിയതെന്നും വ്യക്തമാക്കി.

കല്ലുകടിയോ വിവാദങ്ങളോ ഇല്ലാതെ അര്‍ഹരായവര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് ചലച്ചിത്ര പുരസ്‌കാരത്തെക്കുറിച്ച് സജി ചെറിയാന്‍ പ്രതികരിച്ചു. കഴിഞ്ഞ നാല് കൊല്ലവും അങ്ങനെ തന്നെയാണ് നല്‍കിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.