ഇന്ത്യയിൽ ഏറ്റവും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നയിച്ച ഭരണത്തലവൻ എന്ന റെക്കോഡ് ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ

ന്യൂഡൽഹി : ഇന്ത്യയിൽ ഏറ്റവും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നയിച്ച ഭരണത്തലവൻ എന്ന റെക്കോഡ് ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ. ഗുജറാത്ത് മുഖ്യമന്ത്രി,​ ഇന്ത്യൻ പ്രധാനമന്ത്രി എന്നീ നിലകളിൽ സർക്കാരുകളുടെ തലവനായി 8931 ദിവസം പൂർത്തിയാക്കിയതോടെയാണിത്. സിക്കിം മുൻ മുഖ്യമന്ത്രി പവൻകുമാർ ചാംലിംഗിന്റെ 8930 ദിവസം എന്ന റെക്കോഡാണ് മോദി മറികടന്നത്.

2001 ഒക്ടോബർ ഏഴിന് ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദി 2014 മേയ് 21 വരെ പദവിയിൽ തുടർന്നുയ 13 വർഷത്തിലേറെ ഭരണത്തിലിരുന്ന മോദി ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ്. 2014,​ 2019,​ 2024 വർഷങ്ങളിൽ തുടർച്ചയായി മൂന്നുതവണ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ഇപ്പോഴും പദവിയിൽ തുടരുകയാണ്. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന പ്രത്യേകതയും മോദിക്കുണ്ട്.

2014 മേയ് 26നാണ് ഇന്ത്യയുടെ 14ാമത് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തത്. ലോക്‌സഭയിൽ പൂർണ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ ആദ്യത്തെ കോൺഗ്രസ് ഇതര നേതാവ് കൂടിയാണ് മോദി. രണ്ട് തവണ കാലാവധി പൂർത്തിയാക്കി തുടർഭരണം നേടി. മൂന്നാംതവണയും അധികാരത്തിൽ തിരിച്ചെത്തിയ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയും മോദിയാണ്. അതേസമയം ഇടവേളകളില്ലാത ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന റെക്കോഡ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിലാണ്.