സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് ; പന്നിയങ്കരയില്‍ വന്‍ പ്രതിഷേധം; യാത്രക്കാരെ ഇറക്കിവിട്ടു

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങിയതോടെ ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടു. ബസുകളിൽ നിന്ന് യാത്രക്കാരെ ഇറക്കിവിട്ടു. രാവിലെ 10 മുതല്‍ സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ കടത്തി വിടില്ലെന്നെന്ന് ടോള്‍ കമ്പിനി അധികൃതര്‍ അറിയിച്ചിരുന്നു.

ഒന്നാം തീയതി മുതല്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുമായി നടത്തിയ ചര്‍ച്ചയില്‍ നാലാം തീയതി വരെ ഇളവ് അനുവദിക്കുകയായിരുന്നു.  ടോള്‍ നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ ബസുകള്‍ പന്നിയങ്കരയില്‍ നിര്‍ത്തിയിടാന്‍ ബസ് ഉടമകളുടെ തീരുമാനിച്ചതോടെ യാത്രക്കാരും ദുരിതത്തിലായി. ടോള്‍ നല്‍കേണ്ടി വന്നാല്‍ സര്‍വീസ് നടത്തില്ലെന്ന് ബസ് ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു. 

50 തവണ കടന്നുപോകാന്‍ 10400 രൂപയാണ് സ്വകാര്യബസുകള്‍ ടോള്‍ നല്‍കേണ്ടത്. പ്രതിമാസം 9400 രൂപ നല്‍കാനാകില്ലെന്നാണ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. അതേസമയം പ്രതിഷേധം ശക്തമായതോടെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസുകൾ താൽകാലികമായി കടത്തിവിട്ടു. ബസുകളിൽ നിന്ന് ടോള്‍ പിരിക്കുമെന്ന് ആവർത്തിച്ച് കരാർ കമ്പനി. എന്നാൽ ടോള്‍ പ്ലാസ വഴിയുള്ള സർവീസുകൾ ഇനി നടത്തില്ലെന്നും നാളെ മുതൽ പ്രത്യക്ഷ സമരം നടത്തുമെന്നും ബസ് ഉടമകൾ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *