തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കില്‍ സംസ്ഥാനത്തെ പൊതുഗതാഗതം നിലച്ചു. കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ അടക്കം നിലക്കുന്നതോടെ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പോലീസ് സംരക്ഷണത്തില്‍ ചിലയിടങ്ങളിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ശക്തമായ പ്രതിഷേധം കാരണം ഇവ നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് സൂചന. ചില സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നവരെ സമരക്കാര്‍ തടയുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും പ്രവര്‍ത്തിക്കുന്നില്ല. തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രണ്ടു ദിവസത്തെ പണിമുടക്ക്.
തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശുപത്രികള്‍ അടക്കമുള്ള സ്ഥലങ്ങളിലെത്താന്‍ പോലീസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം വാഹനങ്ങളുമായെത്തി ആര്.സി.സിയിലേക്കും മറ്റും പോകേണ്ടവരെ സഹായിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആര്.സി.സിയിലേക്ക് മാത്രമാണ് കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുന്നത്. ചുരുക്കം ചില ടാക്സികള്‍ മാത്രമാണ് തലസ്ഥാന നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.