കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാന ചർച്ചകൾക്കിടെ പ്രതികരണവുമായി പി വി അൻവർ

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാന ചർച്ചകൾക്കിടെ പ്രതികരണവുമായി പി വി അൻവർ. ഹൈക്കമാൻഡ് തീരുമാനിച്ചാൽ രാഹുൽ ഗാന്ധിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയാകാമെന്ന് അൻവർ പറഞ്ഞു. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുന്ന വിജയം തോൽവിക്കു തുല്യമാകുമെന്നും അൻവർ ആരോപിച്ചു. പിണറായിയുടെ ഭൂരിപക്ഷം പതിനായിരം വോട്ടിന് താഴെയാകുമെന്നും, തോൽവി ഉണ്ടായാലും അതിൽ അതിശയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തിരഞ്ഞെടുപ്പിൽ “പിണറായിസവും മരുമോനിസവും” പ്രധാന ചർച്ചയായിരുന്നുവെന്നും അൻവർ പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉയർത്തിയ വെല്ലുവിളിയും അൻവർ ആവർത്തിച്ചു. കോഴിക്കോട് പ്രസ്ക്ലബിൽ കരാറിൽ ഒപ്പുവച്ച്, തോറ്റാൽ മൊട്ടയടിക്കാമെന്ന വ്യവസ്ഥയോടെയായിരുന്നു വെല്ലുവിളിയെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ തോറ്റാൽ മൊട്ടയടിക്കുമെന്നും, റിയാസ് തോറ്റാൽ അതേ ചെയ്യണമെന്നും അൻവർ പറഞ്ഞു.

ബേപ്പൂർ മണ്ഡലത്തിൽ തനിക്ക് വിജയം ഉറപ്പാണെന്നും, റിയാസ് വിജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണറിൽ നിന്ന് എസ്.എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടത്താമെന്നുമായിരുന്നു അൻവറിന്റെ മുൻ പ്രസ്താവന. അതേസമയം, അൻവറിന്റെ വെല്ലുവിളിക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.

എക്സിറ്റ് പോൾ പ്രവചനങ്ങൾ ബേപ്പൂരിൽ എൽഡിഎഫ് മുൻതൂക്കം നിലനിർത്തുമെന്ന സൂചന നൽകുന്നതിനിടെയാണ് അൻവറിന്റെ പ്രതികരണം ശ്രദ്ധ നേടുന്നത്.