രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ തുടരുന്നു; എംഎല്‍എക്കെതിരെ കടുത്ത പ്രതിഷേധം

പത്തനംതിട്ട: യുവതികള്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീട്ടില്‍ തുടരുന്നു. പുറത്തേയ്ക്ക് ഇറങ്ങാതെ വീട്ടില്‍ തന്നെ തുടരുകയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നാണ് വിവരം. നേരത്തെ നിശ്ചയിച്ച പൊതുപരിപാടികള്‍ പുതിയ സാഹചര്യത്തില്‍ റദ്ദാക്കി. പത്തനംതിട്ടയിലെ അടൂര്‍ നെല്ലിമുകളിലുള്ള വീട്ടിലാണ് നിലവില്‍ രാഹുലുള്ളത്. മണ്ഡലത്തിലെ പരിപാടികളിലോ മറ്റു പരിപാടികളിലോ രാഹുല്‍ പങ്കെടുക്കുന്നില്ല. ഇന്നലെയാണ് പാലക്കാട് നിന്നും കുടുംബവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലുള്ള വീട്ടിലെത്തിയത്. ചില സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് എത്തിയതെങ്കിലും ആരോപണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നതോടെ ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മാത്രമാണ് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതായി രാഹുല്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
വീടിന്റെ മുറ്റത്ത് വരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ പ്രതിഷേധവുമായി എത്തിയിരുന്നു. ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് വീടിന് മുന്നില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. നിലവില്‍ ഇന്ന് വീടിന് മുന്നിലാരും പ്രതിഷേധിച്ചിട്ടില്ല. അടൂരില്‍ ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ചില പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും നേതാക്കളും മാത്രമാണ് വീട്ടിലെത്തുന്നത്. ഇവരെ പരിശോധിച്ചു കൊണ്ടാണ് പൊലീസ് വീട്ടിലേക്ക് കയറ്റിവിടുന്നത്.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരും. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസില്‍ ധാരണയായി. അതേസമയം, രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിനെതിരായ എല്ലാ ആരോപണങ്ങളും സമിതി അന്വേഷിക്കും. ലൈംഗികാതിക്രമ കേസ് നേരിട്ടിട്ടും മുകേഷ് എംഎല്‍എയായി തുടരന്നതടക്കം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നുള്ള ആവശ്യത്തെ പ്രതിരോധിക്കും.