തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണ വ്യക്തമാണെന്നും എൻഡിഎയുടെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ടാൽ വ്യക്തമാകുമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണ വ്യക്തമാണെന്നും എൻഡിഎയുടെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ടാൽ ഇക്കാര്യം വ്യക്തമാകുമെന്നും രമേശ് ചെന്നിത്തല. മോദി-അമിത് ഷാ-പിണറായി വിജയൻ എന്നിവര്‍ തമ്മിലുള്ള ഡീലാണ് നടന്നിട്ടുള്ളത്. ബിജെപിക്ക് എംഎൽഎമാരെ ഉണ്ടാക്കി കൊടുക്കാനുള്ള ഡീലാണിത്.

എന്ത് ഡീലും ജനങ്ങള്‍ തള്ളിക്കളയും. പൊളിറ്റിക്കൽ ഡീലാണ് കേരളത്തിൽ നടന്നിട്ടുള്ളത്. ശബരിമല കൊള്ളയിലും ആഗോള അയ്യപ്പ സംഗമത്തിലും നടപടി സ്വീകരിച്ചില്ല. കേന്ദ്രത്തെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നില്ല. ഇതിൽ നിന്ന് തന്നെ ഡീൽ വ്യക്തമാണ്. എൻഡിഎയുടെ ഭാഗമായ ട്വന്‍റി 20യുടെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാണെന്നും ബിഡിജെഎസിന്‍റെ സ്ഥാനാര്‍ത്ഥികളാരൊക്കെയാണെന്നും നോക്കിയാൽ മതി. 

ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥി ആരാണ്? എൻഡിഎയ്ക്കുള്ള ഒരോ വോട്ടും ഇടത് മുന്നണിയെ സഹായിക്കാനാണ്. പത്തനംതിട്ടയിൽ മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകേണ്ടിവരും. ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം. ശബരിമലയിലെ വിശ്വാസ സമൂഹത്തോട് മുഖ്യമന്ത്രി മാപ്പു പറയുമോ? യുവതി പ്രവേശനത്തിൽ എന്താണ് നിലപാടെന്ന് മുഖ്യമന്ത്രി പറയണം. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെ എന്തുകൊണ്ടാണ് പാര്‍ട്ടിയിൽ നിന്ന് പുറത്താകാത്തത്? ഏഴു കോടി തട്ടിച്ച് ആഗോള അയ്യപ്പ സംഗമം നടത്തി. 

ശബരിമലയെ സര്‍ക്കാര്‍ കറവ പശുവാക്കി മാറ്റി. ജി സുധാകരനെക്കുറിച്ച് മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷ ലജ്ജാകരണാണ്. നവോത്ഥാന നായകന്‍റെ ഭാഷ ഇതാണോ? മോദിയെ തൃപ്തിപ്പെടുത്താൻ പിണറായി രാഹുൽ ഗാന്ധിയെ വിമര്‍ശിക്കുകയാണ്. പാലക്കാട്, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ സിപിഎം-ബിജെപി ഡീലിന്‍റെ തെളിവാണ്. ട്വന്‍റി20, ബിഡിജെഎസ് സീറ്റുകളിൽ ഡീൽ നടന്നിട്ടുണട്. ഏറ്റവും കൂടുതൽ നുണ പറയുന്നത് എംവി ഗോവിന്ദനാണ്. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.