ബലാത്സംഗകേസുകളില്‍ ഇരയെ അധിക്ഷേപിച്ചുകൊണ്ടുളള പരാമര്‍ശങ്ങള്‍ നടത്തിയ അലഹബാദ് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കോടതി ഒരിക്കലും ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി ഖേദം പ്രകടിപ്പിച്ചു.
ഇര അപകടം ക്ഷണിച്ചുവരുത്തിയതാണെന്നും സംഭവിച്ചതിന് അവര്‍ കൂടി ഉത്തരവാദിയാണെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ തന്നെ മറ്റൊരു ഉത്തരവിനെതിരായ സുവോമോട്ടോ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ ജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിമർശനം.
2024 സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന യുവതി ഡല്‍ഹിയില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു. സെപ്റ്റംബര്‍ 21-ന് യുവതിയും സുഹൃത്തുക്കളും പുറത്തുപോയി പുലര്‍ച്ചെ 3 മണിവരെ മദ്യപിച്ചു. മദ്യലഹരിയില്‍ തിരികെ വീട്ടിലേക്ക് പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ യുവതി തന്നെ പ്രതിയുടെ വീട്ടിലേക്ക് പോകാന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ വീട്ടിലേക്ക് പോകുന്നതിനു പകരം പ്രതി യുവതിയുമായി ബന്ധുവിന്റെ ഫ്‌ളാറ്റിലേക്കാണ് പോയത്. അവിടെവെച്ച് തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ ഇരയുടെ ആരോപണം തെറ്റാണെന്നും തെളിവുകളുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്നും കോടതി പറഞ്ഞു. ഇനി ഇരയുടെ ആരോപണം ശരിയാണെങ്കിലും അവർ പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തിയതാണെന്ന് കോടതി പറഞ്ഞു.
നേരത്തെ മാര്‍ച്ച് 17-ന് പുറപ്പെടുവിച്ച ഉത്തരവില്‍ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പെണ്‍കുട്ടികളുടെ പൈജാമയുടെ ചരട് വലിച്ച് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കില്ലെന്നാണ് വിധിച്ചത്. ഇത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെങ്കിലും കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കുകയുളളുവെന്നും ജഡ്ജി പറഞ്ഞിരുന്നു.