അതിർത്തിയിലെ സംഘർഷം തുടരുന്നതിനിടെ പാകിസ്ഥാൻ സൈന്യത്തിന്‍റെ തലപ്പത്തും മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ

ഇസ്‌ലാമാബാദ്: അതിർത്തിയിലെ സംഘർഷം തുടരുന്നതിനിടെ പാകിസ്ഥാൻ സൈന്യത്തിന്‍റെ തലപ്പത്തും മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. പാക് സൈന്യത്തിൽ ഭിന്നതയുണ്ടെന്നും നിലവിലെ  സൈനിക മേധാവി അസിം മുനീറിന് പകരം പാക്കിസ്ഥാന്റെ ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസ എത്തുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൈനിക മേധാവി അസിം മുനീർ ബങ്കറിലൊളിച്ചെന്നും, കസ്റ്റഡിയിലെടുത്ത്  അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നുമടക്കം വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് സൈന്യത്തിന്‍റെ തലപ്പത്ത് മാറ്റമുണ്ടാകുമെന്നും ജനറൽ സാഹിർ ഷംഷദ് മിർസ പുതിയ മേധാവിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

റാവല്‍പിണ്ടി നോര്‍ത്തേണ്‍ കമാന്‍ഡിന്റെ കമാന്‍ഡറായിരുന്നു മിര്‍സ 2022ലാണ് സ്ഥാന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്സി) ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ പാകിസ്താന്‍ സൈന്യത്തിലെ രണ്ടാമന്‍ എന്നറിയപ്പെടുന്ന മിര്‍സ സൈന്യത്തിലെ ഏറ്റവും ശക്തനായ വ്യക്തികളില്‍ ഒരാളാണ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചക്വാള്‍ ജില്ലയിലെ മുല്‍ഹല്‍ മുഗ്ലാനിലായിണ് സാഹിര്‍ ഷംഷാദ് മിര്‍സയുടെ ജനനം. ഷംഷാദ് മിര്‍സയാണ് പിതാവ്. പാകിസ്താന്‍ മിലിട്ടറി അക്കാദമി, ക്വറ്റയിലെ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജ്, പാകിസ്താനിലെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു മിര്‍സയുടെ സൈനിക പഠനം. ബ്രിട്ടനിലെ ക്രാന്‍ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗ്ലോബല്‍ സെക്യൂരിറ്റിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

1987 സെപ്റ്റംബറില്‍ പാകിസ്ഥാന്‍ സൈനിക അക്കാദമി കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം പാകിസ്ഥാന്‍ ആര്‍മിയുടെ സിന്ധ് റെജിമെന്‍ന്റ് എട്ടിലാണ് മിര്‍സ ജോലിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. മുന്‍ സൈനിക മേധാവിയായിരുന്ന റഹീല്‍ ഷെരീഫിന്റെ സേവന കാലയളവിന്റെ അവസാന വര്‍ഷങ്ങളില്‍ മിലിട്ടറി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറലായി സാഹിര്‍ ഷംഷാദ് മിര്‍സയെ നിയോഗിച്ചു. ഇതോടെയാണ് മിര്‍സ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. 2021-ല്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചകളില്‍ മുന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്കൊപ്പം മിര്‍സ പങ്കെടുത്തിരുന്നു. 2021 ഒക്ടോബറില്‍, പ്രവര്‍ത്തന പരിചയം നേടുന്നതിനും ഉന്നത തസ്തികകളിലേക്ക് പരിഗണിക്കപ്പെടാന്‍ യോഗ്യനാകുന്നതിനും വേണ്ടി റാവല്‍പിണ്ടിയില്‍ കോര്‍പ്‌സ് കമാന്‍ഡറായി മിര്‍സയെ നിയമിച്ചു.

ത്രീ-സ്റ്റാര്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ മിര്‍സയെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫായി ഉയര്‍ത്തി. ഇതോടെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന് ശേഷം സൈന്യത്തിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി മിര്‍സ മാറി. ദേശീയ സുരക്ഷയും വിദേശകാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇതോടെ മിര്‍സയ്ക്ക് നിര്‍ണ്ണായക റോള്‍ ലഭിച്ചിരുന്നു. പാകിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, അമേരിക്ക എന്നിവ ഉള്‍പ്പെടുന്ന അഫ്ഗാന്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച ക്വാഡ്രിലാറ്ററല്‍ കോര്‍ഡിനേഷന്‍ ഗ്രൂപ്പിലും ലെഫ്റ്റനന്റ് ജനറല്‍ മിര്‍സ സജീവ പങ്കാളിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *