തിരുവനന്തപുരം അരുവിക്കര ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച ; ഒന്നരലക്ഷം രൂപയും രണ്ട് പവന്‍ സ്വര്‍ണവും മോഷണം പോയി

അരുവിക്കരയിലെ ഇരുമ്പ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ഒന്നരലക്ഷത്തോളം രൂപയും രണ്ട് പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് മോഷണം നടന്നത്.

ക്ഷേത്രം വൃത്തിയാക്കാന്‍ എത്തിയവരാണ് കാണിക്കവഞ്ചി തുറന്ന് കിടക്കുന്നത് കണ്ട് ക്ഷേത്രഭാരവാഹികളെ വിവരം അറിയിച്ചു. മുന്‍ഭാഗത്തെ കാണിക്കവഞ്ചിക്ക് പുറമേ മറ്റ് ഏഴ് കാണിക്കവഞ്ചികളും മോഷ്ടാക്കള്‍ കുത്തിപൊളിച്ചു. ഓഫീസിലെ മൂന്ന് വാതിലുകളും തകര്‍ത്തു. അലമാരയിലുണ്ടായിരുന്ന രണ്ട് പവന്റെ മാലയും പൂജാരിയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപയും മോഷണം പോയി. ക്ഷേത്രത്തില്‍ ഒന്നരലക്ഷം രൂപയുടെ മോഷണം നടന്നതായി ഭാരവാഹികള്‍ പറഞ്ഞു.

ഞായറാഴ്ച രാത്രി ഒരുമണിയോടെ മോഷണം നടന്നെന്നാണ് സൂചന. പൊലീസ് ക്ഷേത്രത്തില്‍ എത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം. ക്ഷേത്രത്തിന് സമീപത്തൂടെ രണ്ട് പേര്‍ ബൈക്കില്‍ വരുന്നതും കമ്പിയുമായി ക്ഷേത്രപരിസരത്തേക്ക് കടക്കുന്നതും സിസിടിവിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *