അയ്യപ്പദര്‍ശനത്തിന് വന്‍ഭക്തജനതിരക്ക്; ശബരിമലയിലെ ദര്‍ശനസമയം രാവിലെയും വൈകിട്ടും അരമണിക്കൂര്‍ കൂട്ടി ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ വന്‍ഭക്തജനതിരക്ക്. തിരക്ക് നിയന്ത്രിക്കാന്‍ ദര്‍ശനസമയം കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതം ദര്‍ശനസമയം കൂട്ടാനാണ് തീരുമാനം. പുതിയ തീരുമാനത്തോടെ 18 മണിക്കൂറായിരുന്ന ദര്‍ശനസമയം 19 മണിക്കൂറായി മാറും.ശബരിമലയിലെ തിരക്ക് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി പത്തനംതിട്ട കളക്ടറോടും പൊലീസിനോടും ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിച്ചുചേര്‍ത്ത പ്രത്യേക സിറ്റിങ്ങിലായിരുന്നു കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ശബരിമല ദര്‍ശനസമയം നീട്ടുന്നതിന് ആചാരപരമായ കാര്യങ്ങള്‍ ഉളളതിനാല്‍ തന്ത്രിയുമായി ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനം അറിയിക്കാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *