ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് പുതിയ അറസ്റ്റ്. പോറ്റിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് റാന്നി കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കും.

മുന്‍പ് ശബരിമല ദ്വാരപാല ശില്‍പ്പങ്ങളുടെ പാളി കടത്തിയ കേസിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഇതാദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ഇതിനിടെ, സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള കല്‍പേഷ്, വാസുദേവന്‍, ഗോവര്‍ദ്ധന്‍, സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം.

ശബരിമലയില്‍ നിന്നും നഷ്ടമായ സ്വര്‍ണം മുഴുവനായും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് എസ്‌ഐടിയുടെ നിഗമനം. അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സംഘം.