എപിക് നമ്പർ ഒന്നുതന്നെ, പേരുകൾ മാറിമറിഞ്ഞു; യു.പിയിൽ വോട്ടർ പട്ടിക ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് കുരുക്ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത്ത് മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച സംഭവത്തിൽ മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. രണ്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാരും ഒരു കമ്പ്യൂട്ടർ ഓപ്പറേറ്ററുമാണ് കേസിൽ പ്രതികളായത്. വോട്ടറുടെ എപിക് നമ്പർ നിലനിർത്തിക്കൊണ്ട് പേര് മാത്രം മാറി ചേർത്തുവെന്ന ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യു.പി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രസ്താവനയിലൂടെ പിഴവുകൾ സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകമാണ് കേസെടുത്തത്.

പിലിഭിത്ത് മണ്ഡലത്തിൽ മാത്രം ആയിരക്കണക്കിന് പേരുകൾ നിയമവിരുദ്ധമായി മാറ്റി രേഖപ്പെടുത്തിയെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2026 മേയ് 31-നും ആഗസ്റ്റ് 29-നും ഇടയിൽ ഫോം-8 ഉപയോഗിച്ച് ക്രമരഹിതമായി മാറ്റങ്ങൾ വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. പിലിഭിത്ത് മണ്ഡലത്തിൽ വിലാസത്തിൽ ഇല്ലാത്ത 2,600 പേരെ പുതുതായി ചേർത്തെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.

ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ സ്ഥലം മാറ്റുകയും, കമ്പ്യൂട്ടർ ഓപ്പറേറ്ററെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇവർക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പിലിഭിത്ത് മണ്ഡലത്തിലെ മുഴുവൻ വോട്ടർ പട്ടികയും പരിശോധിച്ചുവരികയാണെന്നും തെറ്റായ എൻട്രികൾ ഉടൻ തിരുത്തുമെന്നും അധികൃതർ അറിയിച്ചു.