ശശി തരൂരിന്റെ കോഴിക്കോട് പര്യടനം കോണ്‍ഗ്രസില്‍ ഉണ്ടാക്കിയ അലയൊലികള്‍ കെട്ടടങ്ങും മുന്‍പെ ഇന്ന് നടക്കുന്ന കോട്ടയം സന്ദര്‍ശനവും വിവാദത്തില്‍. ശശി തരൂര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറയുന്നത്. ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം ശശി തരൂരും അറിയിച്ചില്ല. ശശി തരൂരിന്റെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞു വന്ന ഫോണ്‍ കോള്‍ ഒന്നും പറയാതെ കട്ട് ചെയ്‌തെന്ന് നാട്ടകം സുരേഷ് ആരോപിച്ചു. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന പരിപാടിയില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിട്ടുനില്‍ക്കും. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷമുള്ള തിരുവഞ്ചൂരിന്റെ പിന്മാറ്റം.