എസ്എഫ്ഐ പ്രതിഷേധം പുതിയ വിവാദത്തിൽ; ബ്ലേഡ് സാന്നിധ്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ലെന്നും ലാത്തിയും തോക്കും ഉള്ള അവർക്ക് എന്തിനാണ് ബ്ലേഡ് എന്നും അദ്ദേഹം ചോദിച്ചു. എസ്എഫ്ഐ പ്രവർത്തകർ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്ത് മാറ്റിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഭവത്തിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരായ എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയായിരുന്നു സംഭവം. മാര്‍ച്ചിനിടെ പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. ‘ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചു തരാമെന്ന് പറഞ്ഞ് ആക്ഷേപിച്ചു’വെന്ന് എഫ്ഐആറിൽ പറയുന്നു. ബ്ലേഡ് ഉപയോഗിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും എഫ്ഐആറിൽ പരാമർശമുണ്ട്.