ആലപ്പുഴ: ലോറിയില്‍ ലഹരിക്കടത്ത് നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ സിപിഐഎം കൗണ്‍സിലര്‍ എ ഷാനവാസിനെ കുറ്റവിമുക്തനാക്കി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഷാനവാസിന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേബിള്‍ കരാറുകാരന് എന്ന നിലയില്‍ നല്ല വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല. കരുനാഗപ്പള്ളി കേസില്‍ ഷാനവാസ് പ്രതിയല്ലെന്നും ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസില്‍ ഷാനവാസിന്റെ വാഹനം വാടകയ്ക്ക് എടുത്ത ജയനെ ഇതുവരെ കണ്ടെത്താനായില്ലെന്ന് കരുനാഗപ്പള്ളി പൊലീസ് പറയുന്നു. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിന്റെ ബിനാമി എന്നാണ് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ക്രിമിനല്‍ മാഫിയാ, ലഹരി ഇടപാട് ബന്ധം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.