എം.പിയുടെ പരിമിതികൾ അക്കമിട്ട് നിരത്തി ശശി തരൂർ

തിരുവനന്തപുരം: എം.പിയുടെ പരിമിതികൾ അക്കമിട്ട് നിരത്തി ശശി തരൂർ. കേരളകൗമുദി സംഘടിപ്പിച്ച വിഷൻ 2030 കോൺക്ളേവിൽ സംസാരിക്കുകയായിരുന്നു തിരുവനന്തപുരം എം.പി. എംപി എന്ന നിലയിൽ തനിക്ക് ഒരുപാട് പരിമിതികളുണ്ട്. സംസ്ഥാന ഭരണവും, കേന്ദ്രഭരണവും വെവ്വേറെ പാർട്ടികളുടെ കൈയിലാണ്. ഇതിനൊക്കെ അനുസരിച്ചാണ് എംപിയ‌്ക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയെന്നും തരൂർ പറഞ്ഞു.
എംപിയുടെ ജോലി ഇവിടെയല്ല. ഇവിടുത്ത് റോഡ് നന്നാക്കലല്ല എംപിയുടെ ജോലി. പെൻഷൻ കിട്ടിയില്ല എന്ന് ഒരാൾ പരാതി പറഞ്ഞാൽ എംപി എന്ന നിലയിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. കാരണം, അതൊക്കെ സംസ്ഥാന സർക്കാരിന്റെ കൈയിലാണ്. അവരുടെ ഉത്തരവാദിത്തമാണ്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് വലിയ വെല്ലുവിളിയാണ്.എം.പിമാരുടെ ജോലി ഡൽഹിയിലാണ്. ഭാരതം ആരാണ് ഭരിക്കുന്നതെന്ന് തീരുമാനിക്കാനാണ് എംപിമാരെ തിരഞ്ഞെടുക്കുന്നത്. ആ തീരുമാനം വന്നശേഷം തിരുവനന്തപുരത്തിന്റെ ശബ്‌ദം പാർലമെന്റിൽ കേൾപ്പിക്കാനും, തിരുവനന്തപുരത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ വാദിക്കാനുമാണ്.
രു വർഷം എംപിയ‌്ക്ക് കിട്ടുന്ന വിനിയോഗതുക 5 കോടിയാണ്. അത് ഏഴ് നിയോജക മണ്ഡലങ്ങളിൽ വിതരണം ചെയ്യണം. അതിൽ 25 ശതമാനം എസ്.സി, എസ്.ടി പ്രോജക്‌ടുകൾ മാത്രമേ ആകാവൂ. ശരിക്കു പറഞ്ഞാൽ 3.5 കോടിയാണ് പൊതുചെലവുകൾക്ക് വേണ്ടി ലഭിക്കുന്നത്. ഏഴായി തിരിച്ചാൽ ഓരോ നിയോജക മണ്ഡലത്തിലേക്കും 50 ലക്ഷം മാത്രമേയുള്ളൂ. നേരെമറിച്ച് ഒരു എംഎൽഎയ‌്‌ക്ക് 6 കോടി രൂപയാണ് വിനിയോഗ തുകയായി ലഭിക്കുക. വികസനമെന്നത് ജനജീവിതത്തെ നന്നാക്കുന്നതാകണം. അത് കൊണ്ടുവരാൻ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹകരണം അത്യാവശ്യമാണ്.
തലസ്ഥാനത്തെ വിദ്യാഭ്യാസടൂറിസം രംഗങ്ങളിൽ ഇനിയും മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. എന്റെ കാലയളവിൽ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 11 സ്ഥാപനങ്ങളാണ് തിരുവനന്തപുരത്ത് കൊണ്ടുവന്നത്. ടെക്‌നോപാർക്കിൽ ഒറക്കിൾ,നിസാൻ അടക്കമുള്ള കമ്പനികളെ കൊണ്ടുവന്നത് തന്റെ പരിശ്രമഫലമായാണ്. 47 വർഷം മുമ്പ് പ്രഖ്യാപിച്ച ബൈപ്പാസ് യാഥാർത്ഥ്യമാക്കി. കൊവിഡ്,ഓഖി തുടങ്ങിയ പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ സാധിച്ചു. കടലാക്രമണം തടയാൻ പുലിമുട്ട് നിർമ്മാണത്തിന് കേന്ദ്രസംസ്ഥാന സർക്കാരുകളെ സമീപിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയാണെന്ന് കേന്ദ്രവും പണമില്ലെന്ന് സംസ്ഥാനവും പറയുന്നു. എങ്കിലും ഇനിയും തിരുവനന്തപുരത്തിന്റെ വികസനത്തിനായി പരിശ്രമിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി.