തിരുവനന്തപുരം :പാലക്കാട് നടന്ന 54ആമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വട്ടിയൂർക്കാവ് ഷൂട്ടിങ് അക്കാദമിയിൽനിന്നുള്ള ഷൂട്ടർമാർക്ക് സ്വർണം. വനിതകളുടെ 10 മീറ്റർ ഓപ്പൺ സൈറ്റ് എയർ റൈഫിൽ വിഭാഗത്തിലാണ് വട്ടിയൂർക്കാവ് കേരള ഷൂട്ടിങ് അക്കാദമിയിൽനിന്നുള്ള സംഘം സ്വർണം നേടിയത്. എസ്. എസ്. ശ്യാമശ്രീ, എം.എസ്. ഗംഗ, എസ്.ആർ. ശബ്നം എന്നിവരടങ്ങിയ സംഘമാണ് സ്വർണം വെടിവെച്ചിട്ടത്. കോവിഡിന് ശേഷം പ്രവർത്തനം പുനരാരംഭിച്ച ഷൂട്ടിങ് അക്കാദമിയിലെ ആദ്യ ബാച്ചിലെ അംഗങ്ങളാണ് ഇവർ മൂന്നുപേരും. ഒളിംപ്യന്‍ ആഭ ധില്ലന്റെയും സൈന്യത്തിൽ നിന്നുള്ള പരിശീലകരായ ഭരത് സിങ്ങിന്റെയും ആർ. പാണ്ഡ്യന്റെയും പരോമിതയുടെയും ശിക്ഷണത്തിലാണ് ഇവർ സ്വർണം സ്വന്തമാക്കിയത്.
കേരള ഷൂട്ടിങ് അക്കാദമിയിൽ നിന്ന് 39 ഷൂട്ടർമാരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. 10 പേർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. കേരളത്തിന്റെ കായിക വികസനത്തിനും പ്രോത്സാഹനത്തിനും വേണ്ടി സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ മേല്‍നോട്ടത്തില്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍വഴി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഷൂട്ടിങ് അക്കാദമി സജ്ജമാക്കിയിട്ടുള്ളത്.
ദക്ഷിണേന്ത്യയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏക ഷൂട്ടിങ് റേഞ്ചുകൂടിയാണിത്.