അമ്മമാർക്കായി ‘സ്നേഹത്തണൽ’ ഒരുക്കി എംഎ യൂസഫലി

അമ്മമാര്‍ക്കായി സ്‌നേഹ തണല്‍ ഒരുക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. പതിനഞ്ച് കോടിയിലധികം രൂപ വിലമതിക്കുന്ന ഇരുനില കെട്ടിടമാണ് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കുളള സ്‌നേഹ സമ്മാനമായി നിര്‍മ്മിച്ചു നല്‍കിയത്. കെട്ടിട ഉദ്ഘാടന ചടങ്ങില്‍ എം എ യൂസഫലി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്റെ സാന്നിധ്യത്തില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് ഇരുവരും ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നീ അമ്മമാരോടൊപ്പം ചേര്‍ന്ന് മന്ദിരം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വീല്‍ ചെയറിലായിരുന്ന അമ്മമാരെ യൂസഫലിയും പുനലൂര്‍ സോമരാജനും ചേര്‍ന്ന് സമീപത്തെ മുറിയിലേക്ക് എത്തിച്ചുകൊണ്ട് ഗൃഹപ്രവേശനച്ചടങ്ങ് പൂര്‍ത്തിയാക്കി. മന്ദിരത്തിലെ വൈദ്യുതിയ്ക്കും മറ്റ് അറ്റകുറ്റ പണികള്‍ക്കായും മാസം തോറും വരുന്ന ചിലവിനായി ഒരു ലക്ഷത്തോളം രൂപ ഗാന്ധിഭവന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മരണശേഷവും തുടരുന്ന രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗാന്ധിഭവനിലെ അന്തേവാസികളായ അച്ഛനമ്മമാര്‍ക്ക് വേണ്ടിയും സമാനമായ രീതിയില്‍ മന്ദിരം നിര്‍മ്മിക്കുമെന്ന് യൂസഫലി അറിയിച്ചു.

എല്ലാ തരത്തിലുള്ള സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണസംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഓഫീസ് സംവിധാനങ്ങള്‍ എന്നിങ്ങനെ അടങ്ങിയതാണ് സ്‌നേഹതണല്‍. ഒരേസമയം 250 പേര്‍ക്ക് താമസിക്കാന്‍ കഴിയും. കെട്ടിടത്തിന്റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എം എ യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *