പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു . എൻ ഐ എ യുടെ കൊച്ചി വിഭാഗം ആണ് കേസ് അന്വേഷിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച നിർദേശം എൻ ഐ എ ക്കു നൽകി. നടപടിക്രമങ്ങൾ അടുത്ത ദിവസം തന്നെ ആരംഭിക്കും. അതേസമയം ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ രഞ്ജിത് ശ്രീനിവാസന്റെതു അടക്കം എല്ലാ പോപ്പുലർ ഫ്രണ്ട് കേസുകളും എൻ ഐ എ ഏറ്റെടുക്കും.
സംസ്‌ഥാനത്ത് കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കി നടത്തിയ ആദ്യത്തെ കൊലപാതകമാണ് ശ്രീനിവാസന്റെതു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് ദേശീയ അന്വേഷണ ഏജൻസിക്കു കേസ് കൈമാറുന്നതിലേക്കു വഴിവച്ചത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിന് 24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് .പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതികളിൽ പലർക്കും പരസ്പരം അറിയാത്ത വിധത്തിൽ ആണ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് എൻ ഐ എ അറസ്റ്റ് ചെയ്ത സംസ്ഥാന മുൻ സെക്രട്ടറി സി എ റൗഫ് ഈ കേസിലും അറസ്റ്റിലായിരുന്നു. സംസ്ഥാന സമിതി മുൻ അംഗം യഹിയ കോയ തങ്ങൾ, എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് പി അമീർ അലി എന്നിവർ ഉൾപ്പെടെ 44 പേർക്കെതിരെ പോലീസ് കോടതിയിൽ കുറ്റപത്രം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിദേശത്തുള്ള മൂന്നു പ്രതികളെ നാട്ടിൽ എത്തിക്കാൻ ശ്രമം തുടങ്ങി.
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് എൻ ഐ എ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലും, ശ്രീനിവാസൻ കൊലക്കു തീവ്രവാദ ബന്ധം ഉണ്ടെന്നു പരാമർശിച്ചിട്ടുണ്ട്.