നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി

ദില്ലി: നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്.

തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രീംകോടതി അംഗീകരിച്ചു. പത്തു ബില്ലുകള്‍ക്കും അംഗീകാരം കിട്ടിയതായി കണക്കാക്കാം എന്ന് കോടതി വ്യക്തമാക്കി. ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവര്‍ ശരി അല്ലെങ്കില്‍ മോശമാണെന്ന് തോന്നുമെന്ന അംബേദ്ക്കറുടെ വാക്കുകള്‍ കോടതി വിധിയില്‍ ഉദ്ധരിച്ചു

അനുച്ഛേദം 200 പ്രകാരം നടപടികളില്‍ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്‌നാട് ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണ്. നിയമസഭ ബില്ലുകള്‍ വീണ്ടും പാസാക്കി അയച്ചാല്‍ രാഷ്ട്രപതിക്ക് വിടാന്‍ അവകാശമില്ല. ആദ്യ ബില്ലില്‍ നിന്ന് വ്യത്യസ്തമെങ്കിലേ ഇതിന് അധികാരമുള്ളൂ. ഗവര്‍ണ്ണര്‍ക്ക് സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ല. ഭരണഘടനയില്‍ വീറ്റോ അധികാരം നല്‍കിയിട്ടില്ല. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരുന്നത്. അതില്‍ തടയിടുന്ന നിലപാട് ശരിയല്ല. സംസ്ഥാന സര്‍ക്കാരിനെ തടയുകയല്ല ഗവര്‍ണറുടെ ചുമതലയെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *