ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകം; പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ വ്യക്തി

ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം വീണ്ടും ചര്‍ച്ചയാകുന്നു. കൊലപാതകമെന്ന വാദവുമായി ആശുപത്രി ജീവനക്കാരന്. സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ കൂപ്പര്‍ ഹോസ്പിറ്റല്‍ ജീവനക്കാരന്, നടന് ആത്മഹത്യ ചെയ്തതല്ല, നടന്നത് കൊലപാതകമാണെന്ന് അവകാശപ്പെട്ടു. അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തില്‍, മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറി ജീവനക്കാരന് രൂപ്കുമാര്‍ ഷാ ഇതേ അവകാശവാദം ഉന്നയിക്കുകയും, നടന്റെ ശരീരത്തിലും കഴുത്തിലും നിരവധി പാടുകള്‍ കണ്ടതായും പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുത് മരിക്കുമ്പോള്‍, പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയില്‍ അഞ്ച് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. ആ അഞ്ച് മൃതദേഹങ്ങളില്‍ ഒന്ന് വി.ഐ.പി. മൃതദേഹമായിരുന്നു. പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോയപ്പോള്‍, അത് സുശാന്ത് ആണെന്നും, ശരീരത്തില്‍ നിരവധി പാടുകളും, കഴുത്തില്‍ രണ്ട് മൂന്ന് അടയാളങ്ങളും ഉണ്ടെന്നും മനസിലാക്കിയെന്നും ഇയാള്‍ പറയുന്നു. സുശാന്ത് സിംഗ് രജ്പുത് കൊല്ലപ്പെട്ടുവെന്ന് അധികൃതരെ അറിയിച്ചിട്ടും ‘നിയമങ്ങള്‍ക്കനുസൃതമായി’ പ്രവര്‍ത്തിക്കാന്‍ തന്നോട് ആവശ്യപ്പെട്ടതായും ഇയാള്‍ ആരോപിക്കുന്നു. 2020 ജൂണില്‍ സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.