യുവാക്കളെയും കുട്ടികളെയും ആകര്‍ഷിച്ച് ആത്മഹത്യയിലേക്ക് തളളിവിടുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് തമിഴ്‌നാട്ടില്‍ നിരോധനമേര്‍പ്പെടുത്തി. നിരോധനത്തിനുളള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആര്‍.എന്‍.രവി അംഗീകാരം നല്‍കി. ഈ മാസം 17ന് ചേരുന്ന നിയമസഭാസമ്മേളനത്തിന് നിയമമായി മാറും. ഓണ്‍ലൈന്‍ ഗെയിം കളിച്ചുളള ആത്മഹത്യകള്‍ വര്‍ധിച്ചതോടെ സര്‍ക്കാര്‍ ഇത്തരം ഗെയിമുകള്‍ നിരോധിക്കാനായി നിയമചട്ടക്കൂട് നിര്‍മ്മിക്കാനായി റിട്ട.ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തില്‍ സമിതിയെ നിയമിച്ചു.
സമിതി ജൂണ്‍ 27ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ മുഖ്യമന്ത്രി സ്റ്റാന്‍ലിന്‍ മന്ത്രിസഭയുടെ അനുമതിയോടുകൂടി പൊതുജനങ്ങളുടെ അഭിപ്രായ സര്‍വ്വേ നടത്തി. സര്‍വ്വേയുടെയും അടിസ്ഥാനത്തില്‍ നിരോധന ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് അയക്കുകയായിരുന്നു.