വിമാനദുരന്തത്തിൽ മരണമടഞ്ഞവവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണമടഞ്ഞവവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ വഹിക്കുമെന്നും കമ്പനി അറിയിച്ചു. വിമാനം ഇടിച്ച് തകർന്ന മെഡിക്കൽ കോളേജിന് പകരം കെട്ടിടം നിർമ്മിച്ച് നൽകുമെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.

വിമാനാപകടത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. രമേശ് ബിശ്വാസ് കുമാർ (38) എന്ന യുവാവാണ് രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജനാണ് ബിശ്വാസ്. ഇയാൾ ബന്ധുക്കളെ കാണാനാണ് നാട്ടിലേക്ക് വന്നത്.

പരിക്കേറ്റ യുവാവ് നിലവിൽ ചികിത്സയിലാണ്.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38ന് അഹമ്മദാബാദിലെ സർദാർ പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന് എയർ ഇന്ത്യ വിമാനം അഞ്ച് മിനിറ്റുകൾക്ക് ശേഷം താഴേക്ക് പതിക്കുകയായിരുന്നു. അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിലേക്കാണ് വിമാനം ക്രാഷ് ലാൻഡ് ചെയ്തത്. .രണ്ട് പൈലറ്റുമാരും പത്ത് കാബിൻ ക്രൂവും യാത്രക്കാരും ഉൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയൻ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം വിമാനം തകർന്നുവീണ് അഗ്നിഗോളമായി മാറി.അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എൻജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ( ഡിജിസിഎ) വാർത്താക്കുറിപ്പിൽ അറിയിച്ചു. ബോയിങ്ങിന്റെ ഡ്രീം ലൈനർ 787 8 വിമാനമാണ് അപകടത്തിൽപ്പെട്ടത്.