ദില്ലി: 2000ലും 2001ലും അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ചശേഷം ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ ഭീകരര്‍ ഇത്ര വലിയ ആക്രമണം നടത്തുന്നത് ആദ്യമാണ്. സൈനിക വേഷത്തില്‍ തോക്കുകളുമായി ഭീകരര്‍ എത്തിയപ്പോള്‍ പലരും കരുതിയത് മോക് ഡ്രില്ലാണെന്നായിരുന്നു.
അവധി ആഘോഷിക്കാനെത്തിയവര്‍, മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കശ്മീരിന്റെ ഭംഗി നുകരാനെത്തിയവര്‍, വിവാഹത്തിന്റെ പുതുമോടിയിലെത്തിയവര്‍, രാജ്യത്തെ നടുക്കിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ഇരകള്‍ പല തുറകളില്‍ നിന്നുള്ളവരാണ്. പല ദേശക്കാരാണ്. പല ഭാഷ സംസാരിക്കുന്നവരാണ്. ഇന്നലെ പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ ഭീകരരെത്തിയപ്പോള്‍ പലരും കരുതിയത് അതൊരു മോക്ഡ്രില്ലാണെന്നായിരുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തോക്കുകളില്‍ നിന്ന് വെടിയുണ്ടകള്‍ ചീറിയെത്തിയതോടെ എങ്ങുമുയര്‍ന്നത് നിലവിളികള്‍ മാത്രം. ഭാര്യയെ നഷ്ടപ്പെട്ടവര്‍, ഭര്‍ത്താവിനെ നഷ്ടപ്പെട്ടവര്‍, മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ അവര്‍ വേര്‍തിരിക്കപ്പെട്ടു.
ലോകത്തിലെ മനോഹരമായ താഴ്വര നിമിഷങ്ങള്‍ കൊണ്ട് കുരുതിക്കളമായി മാറി. നിരവധി പേര്‍ വെടിയേറ്റ് വീണു. അവരിലൊരാളായിരുന്നു ഭാര്യക്കും മകള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം കശ്മീര്‍ കാണാനെത്തിയ ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളും ഭാര്യയും തെലങ്കാനയില്‍ നിന്നുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിലുണ്ട്. വിനയ് നര്‍വാളിന്റെ വിവാഹം കഴിഞ്ഞിട്ട് 6 ദിവസമേ ആയിരുന്നുള്ളൂ. ശിവമൊഗ്ഗയില്‍ നിന്നെത്തിയ മഞ്ജുനാഥ റാവു വെടിയേറ്റ് വീണത് ഭാര്യയുടെ കണ്‍മുന്നിലാണ്. കേരളത്തില്‍ നിന്നുപോയ ഹൈക്കോടതി ജഡ്ജിമാരും എംഎല്‍എമാരും കശ്മീരില്‍ ഉണ്ടെയിരുന്നെങ്കിലും അവരെല്ലാം സുരക്ഷിതരാണ്.
ആക്രമണത്തിന് പിന്നാലെ രാജ്യം ഉണര്‍ന്നു. അമിത് ഷാ ശ്രീനഗറിലെത്തി. ഉന്നതതല സുരക്ഷായോഗം ചേര്‍ന്നു. പ്രധാനമന്ത്രി സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചു. അപൂര്‍വം എന്നുതന്നെ വിലയിരുത്താവുന്ന രീതിയില്‍ സൈന്യത്തിന്റെ വാര്‍ത്താക്കുറിപ്പെത്തി. രാഷ്ട്രപതിയും പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആക്രമണത്തെ തള്ളിപ്പറഞ്ഞു. ലോകനേതാക്കള്‍ ഇന്ത്യക്കൊപ്പമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ ദില്ലിയിലും മുംബൈയിലും ഉള്‍പ്പെടെ സുരക്ഷ കടുപ്പിച്ചു. പഹല്‍ഗാമിന്റെ മുക്കും മൂലയും സൈനിക ഉദ്യോഗസ്ഥര്‍ അരിച്ചുപെറുക്കുകയാണ്.
കശ്മീരില്‍ സങ്കടത്തോടൊപ്പം ഭീകരര്‍ക്കെതിരായ പ്രതിഷേധവും ഉയരുകയാണ്. 2000ത്തിന് ശേഷം സാധാരണക്കാര്‍ക്ക് നേരെ പലവട്ടം കശ്മീരില്‍ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും വിനോദസഞ്ചാരികളെ ലക്ഷ്യംവച്ച് ഇത്തരം ഒരു ആക്രമണം അടുത്തൊന്നും ഉണ്ടായിട്ടില്ല. ആക്രമണത്തിന്റെ രണ്ടാം നാള്‍ ലോകം വീക്ഷിക്കുന്നത് ഇന്ത്യയുടെ തുടര്‍ നടപടികളാണ്. ആക്രമണത്തിന്റെ ഉത്തരവാദികളെ പിടികൂടാനുള്ള നടപടികള്‍ എന്തെല്ലാമാകും എന്നാണ് ലോകം വീക്ഷിക്കുന്നത്.