ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP) റാങ്കിൽ പോലീസ് തലപ്പത്ത് ജോലിചെയ്ത ഐപിഎസ് ഉദ്യോഗസ്ഥനെ ചരിത്രത്തിലാദ്യമായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (DIG) റാങ്കിലേക്ക് മാറ്റി കേന്ദ്ര സർക്കാർ നീക്കം. ചണ്ഡീഗഡ് ഡിജിപിയായ സുരേന്ദ്രസിങ് യാദവിനെയാണ് ഇന്നലെ അസാധാരണ ഉത്തരവിലൂടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സിലേക്ക് (BSF) മാറ്റിനിയമിച്ചത്. ഒന്നാംതീയതി ആയതിനാൽ കേട്ടവരെല്ലാം ഏപ്രിൽ ഫൂൾ എന്ന് കരുതി. എന്നാൽ സംഭവം സത്യമെന്ന് തിരിച്ചറിഞ്ഞതിൻ്റെ ഞെട്ടലിലാണ് ഇന്നിപ്പോൾ സിവിൽ സർവീസ് ലോബി, പ്രത്യേകിച്ചും ഐപിഎസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ വർഷം മാർച്ചിൽ ചുമതലയേറ്റ യാദവ് ഡിജിപി കസേരയിൽ ഒരുവർഷം പൂർത്തിയാക്കിയപ്പോഴാണ് മാറ്റം.
ബിഎസ്എഫിൻ്റെ (BSF) ഡിഐജി പദവിയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മാറ്റിനിയമിച്ചു കൊണ്ടാണ് സുരേന്ദ്രസിങ് യാദവിന് ഉത്തരവ് ലഭിച്ചിട്ടുള്ളത്. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ യാദവിൻ്റെ സീനിയോറിറ്റി കണക്കാക്കി കേന്ദ്രം എംപാനൽ ചെയ്തിട്ടില്ല. അതുകൊണ്ടാകാം താഴ്ന്ന റാങ്കിലേക്കുള്ള ഈ മാറ്റം എന്നാണ് പലരുടെയും നിഗമനം. വിവിധ സംസ്ഥാനങ്ങളിൽ അഡീഷണഷൽ ഡിജിപി (ADGP), ഇൻസ്പെക്ടർ ജനറൽ (IG) റാങ്കിൽ ജോലിചെയ്യുന്ന പലരുടെയും കാര്യത്തിൽ എംപാനൽ ചെയ്യുന്ന ഈ പ്രക്രിയ നടന്നിട്ടില്ല. പുതിയ കേന്ദ്ര നീക്കത്തോടെ എല്ലാവരും അങ്കലാപ്പിലായിട്ടുണ്ട്.
ഡിജിപിയെ ഡിഐജിയാക്കി കേന്ദ്രത്തിലേക്ക് വിളിച്ചതിന് പിന്നാലെ ചണ്ഡീഗഡ് പോലീസിൻ്റെ തലപ്പത്തേക്ക് 2004 ബാച്ചുകാരനായ രാജ്കുമാർ സിങ്ങിനെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. പ്രത്യക്ഷത്തിൽ തരംതാഴ്ത്തലായി കണക്കാക്കാവുന്ന ഈ നടപടിയെക്കുറിച്ച് മറ്റ് വിശദീകരണങ്ങളൊന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുണ്ടായിട്ടില്ല. കേന്ദ്രഭരണ പ്രദേശമായതിനാലാണ് കേന്ദ്രത്തിൻ്റെ ഈ നേരിട്ടുള്ള ഇടപെടൽ എന്നത് വാസ്തവമാണ്. അതേസമയം ഉദ്യോഗസ്ഥരുടെ നിയമനക്കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ അപ്രമാദിത്തം തെളിയിക്കുന്നതാണ് ഈ നടപടിയെന്നും എല്ലാവരും ആശങ്കയോടെ തിരിച്ചറിയുന്നുണ്ട്.