ന്യൂഡല്‍ഹി:അത്യാവശ്യ കോളുകളെ ബാധിക്കുന്നതായി പരാതിയെത്തുടര്‍ന്ന് ഫോണുകളില്‍നിന്ന് കൊവിഡ് അറിയിപ്പുകള് നീക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണനയിൽ. നിര്‍ണായക കോളുകള്‍ വൈകുന്നു എന്ന പരാതി വ്യാപകമായതോടെ യാണ് കേന്ദ്ര സർക്കാർ നടപടിയിലേക്ക് ഒരുങ്ങുന്നത്.
പ്രീ കോള്‍ അറിയിപ്പുകളും കോളര്‍ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചു. സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയില്‍ (സിഒഎ) നിന്നും മൊബൈല്‍ വരിക്കാരില്‍നിന്നും ഇതുവരെ ലഭിച്ച പിന്തുണയെക്കുറിച്ച് കത്തില്‍ പറയുന്നു.
ടെലികമ്യൂണിക്കേഷൻ വകുപ്പിൻ്റെ ആവശ്യത്തോട് ആരോഗ്യമന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന. കൊവിഡ് വ്യാപനം കുറഞ്ഞതും സാഹചര്യം മെച്ചപ്പെട്ടതിനാലുമാണ് ഫോണിലൂടെയുള്ള ബോധവല്‍ക്കരണം ഇനി തുടരേണ്ടതില്ലെന്നാണ് മന്ത്രാലയവും കരുതുന്നത്.
ഏകദേശം രണ്ടു വര്‍ഷത്തോളമായി ടെലികോം സേവനദാതാക്കള്‍, ഫോണുകളില്‍ കോള്‍ കണക്ട് ആകുന്നതിനു മുന്‍പ് കോവിഡ് ബോധവല്‍ക്കരണ അറിയിപ്പുകള് നല്‍കുന്നുണ്ട്. കൊവിഡ് സമയത്ത് എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുമാണ് അറിയിപ്പ്.
നെറ്റ്വര്ക്കുകളില് ഉടനീളം പ്ലേ ചെയ്യപ്പെടുന്ന സന്ദേശം, അടിയന്തര ഘട്ടങ്ങളില്‍ നിര്‍ണായക കോളുകള്‍ തടയുന്നതിനും കാലതാമസം വരുത്തുന്നതിനും ഇടയാക്കുന്നതായി ടെലികമ്യൂണിക്കേഷന്‍ വകുപ്പ് അയച്ച കത്തില്‍ പറയുന്നു