കുടിശ്ശിക ക്ഷാമബത്തയുടെ മുന്‍കാല പ്രാബല്യം കവര്‍ന്നെടുത്തസര്‍ക്കാര്‍ നിലപാട് അപഹാസ്യം-ചവറ ജയകുമാര്‍

നാല് വര്‍ഷം മുമ്പ് ലഭിക്കേണ്ട ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചിട്ട് അതിന്‍റെ മുന്‍കാല പ്രാബല്യം കൂടി കവര്‍ന്നെടുത്ത സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.

കുടിശ്ശിക ക്ഷാമബത്തയുടെ മുന്‍കാല പ്രാബല്യം കവര്‍ന്നെടുത്തതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന വഞ്ചനാദിനത്തിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2022 ജനുവരിയില്‍ മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയപ്പോള്‍ 39 മാസത്തെ കുടിശ്ശികയെപ്പറ്റി ഉത്തരവില്‍ യാതൊരു പരാമര്‍ശവുമില്ല.ക്ഷാമബത്ത കുടിശ്ശികയ്ക്കു വേണ്ടി കോടതിയില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ കേസ് കൊടുത്തപ്പോള്‍ ക്ഷാമബത്ത അനുവദിച്ചാല്‍ മാത്രമേ കുടിശ്ശിക നല്‍കാന്‍ കഴിയൂ എന്ന എതിര്‍വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഈ നിലപാട് സ്വീകരിച്ച സര്‍ക്കാരാണ് കഴിഞ്ഞ മൂന്നു തവണ ഡി.എ അനുവദിച്ചപ്പോഴും 39 മാസം വീതമുള്ള 117 മാസത്തെ കുടിശ്ശിക നിഷേധിച്ചത്.


ക്ഷാമബത്ത കുടിശ്ശികയിനത്തില്‍ 35000 കോടി രൂപയാണ് സര്‍ക്കാര്‍ പിടിച്ചു വച്ചിരിക്കുന്നത്. ക്ഷാമബത്ത നിര്‍ണ്ണയിക്കുന്ന ബെഞ്ച് മാര്‍ക്ക് തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഉള്ള ക്ഷാമബത്ത പോലും നിഷേധിക്കുന്നത് കടുത്ത അവഗണനയാണ്.രാജ്യത്തെ ഉപഭോക്തൃ വിലസൂചിക തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരത്തിന്‍റെ അടിസ്ഥാനത്തിലും വിലക്കയറ്റത്തിന്‍റെ അടിസ്ഥാനത്തിലും മാര്‍ക്കറ്റിലെ ലഭ്യതയുടെ അടിസ്ഥാനത്തിലും ക്രമീകരിക്കാന്‍ സാധിച്ചിട്ടില്ല.വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ശമ്പളം സംസ്ഥാന ജീവനക്കാരുടെ വാങ്ങല്‍ശേഷി തീര്‍ത്തും ഇല്ലാതാക്കിയിരിക്കുന്നു. ഇത് പൊതു കമ്പോളത്തില്‍ പ്രകടമാണ്. താഴെത്തട്ടിലുള്ള വിവിധ മേഖലകളെ ഇത് കാര്യമായി ബാധിക്കുന്നു.


ഒരു കാലത്ത് മധ്യവര്‍ഗ്ഗമായിരുന്നവര്‍ ഇന്ന് കേരളത്തിലെ രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയും കുറഞ്ഞ ശമ്പളം വാങ്ങുന്നവരായി മാറുകയും സമൂഹത്തിലെ അരികു വല്‍ക്കരിക്കപ്പെട്ട വിഭാഗമായി മാറ്റപ്പെടുകയും ചെയ്യുന്നു.സര്‍ക്കാര്‍ ദുരഭിമാനം വെടിയണം. മൂന്ന് ഗഡു ക്ഷാമബത്ത അനുവദിച്ചതില്‍ 2024 ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലും 2025 ഏപ്രില്‍ മാസത്തിലും അനുവദിച്ച കുടിശ്ശിക ക്ഷാമബത്തയുടെ 117 മാസത്തെ മുന്‍കാല പ്രാബല്യം അനുവദിക്കണമെന്ന് അതിശക്തമായി സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. സര്‍ക്കാരിന്‍റെ ഈ കിരാത നടപടി സംഘടനാപരമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.
വി.എസ്. രാഘേഷ് അധ്യക്ഷത വഹിച്ചു. ആര്‍.എസ്. പ്രശാന്ത് കുമാര്‍, ജോര്‍ജ്ജ് ആന്‍റണി, മൊബീഷ് പി. തോമസ്, അരുണ്‍ ജി. ദാസ്,നിതീഷ്കാന്ത്, എസ്.പി. അഖില്‍, ഷിബി, ഷൈന്‍കുമാര്‍, വിപ്രേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *