ശബരിമല പോലീസുകാര്‍ക്ക് നല്കിയ കൈപ്പുസ്തകം വിവാദമായതിനെത്തുടര്‍ന്ന് പിന്‍വലിച്ചു

ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി പൊലീസുകാര്‍ക്ക് നൽകിയ വിവാദ കൈപ്പുസ്തകം പിൻവലിച്ചു. പോലീസിന് നല്കിയ കൈപ്പുസ്തകം പഴയതാണെന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദേശ്യമില്ലെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അറിയിച്ചു. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന നിർദ്ദേശം വിവാദമായിരുന്നു.
മുൻ വർഷങ്ങളിൽ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതിനാലാണ് തെറ്റ് പറ്റിയതെന്നാണ് എഡിജിപി എം ആർ അജിത്കുമാർ നൽകിയ വിശദീകരണം. നിർദ്ദേശങ്ങളിൽ കുറെ അധികം തെറ്റുകളുണ്ടായെന്നും എല്ലാം തിരുത്തി പുതിയ നിർദ്ദേശങ്ങൾ കൊടുക്കുമെന്നും എഡിജിപി അറിയിച്ചു.
സുപ്രീംകോടതി വിധിപ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പരാമർശമാണ് വിവാദങ്ങൾക്കിടയാക്കിയത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു. വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാൽ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.