ജോലിയുണ്ട് പാര്‍ട്ടിപ്രവര്‍ത്തകരുടെ പട്ടിക വേണം; മേയര്‍ ആര്യാ രാജേന്ദ്രന്‍ ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് വിവാദത്തില്‍

തിരുവനന്തപുരം കോര്‍പറേഷനിലെ താത്ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടിക ചോദിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യ രാജേന്ദ്രന്‍ അയച്ച കത്ത് വിവാദത്തില്‍. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ അയച്ച കത്താണ് പുറത്തായിരിക്കുന്നത്.. നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാണ് കത്തില്‍ ആവശ്യപ്പെടുന്നത്. കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. ഈ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.

കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരോ ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു കത്തിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആര്യ രാജേന്ദ്രന്റെ പ്രതികരണം. അങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്നും പരിശോധിക്കാമെന്നും ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചു. മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാരോപിച്ച് പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപിയും യൂത്ത് കോണ്‍ഗ്രസും.