വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ഉമ്മ ഇളയ മകന്റെ മരണം അറിഞ്ഞ് പൊട്ടിക്കരഞ്ഞ്

തിരുവനന്തപുരം: ഇളയമകൻ മരിച്ചവിവരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമീനയെ അറിയിച്ചു. അഫാനാണ് സഹോദരൻ അഫ്സാനെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞിട്ടില്ല. ആത്മഹത്യയെന്ന രീതിയിലാണ് ഡോക്ടർമാർ ഷെമീനയോട് ഇക്കാര്യം അവതരിപ്പിച്ചതെന്നാണ് സൂചന. അഫാനും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ഐ സി യുവിലാണെന്നുമാണ് പറഞ്ഞിരിക്കുന്നത്.

ആഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമീന ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ അഞ്ച് പേരെ കൊലപ്പെടുത്തിയ വിവരമൊന്നും ഷെമീന അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഷെമീനയുടെ ഭർത്താവ് വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു.തന്നെ കാണാൻ വരുന്നവരോടൊക്കെ ഷെമീന ആവർത്തിച്ച് ചോദിച്ചത് മക്കളെക്കുറിച്ചായിരുന്നു. ഒടുവിൽ ഇളയമകന്റെ മരണം മാത്രം അറിയിച്ചു.’എന്റെ മകൻ പോയല്ലേ’ എന്ന് ചോദിച്ചുകൊണ്ട് ഷെമീന പൊട്ടിക്കരയുകയായിരുന്നു.ഘട്ടംഘട്ടമായി മറ്റ് കൊലപാതകങ്ങളും അറിയിക്കും. അതിനുശേഷം അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും.

കട്ടിലിൽ നിന്ന് വീണാണ് പരിക്കേറ്റതെന്നാണ് ഷെമീന ഡോക്ടർമാരോടൊക്കെ പറഞ്ഞത്. നിലവിൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഷെമീന.അതേസമയം, കടബാദ്ധ്യതയാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. ഉമ്മൂമ്മ സൽമ ബീവിയുടെ കൊലപാതകത്തിൽ പാങ്ങോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യുമ്പോഴാണ് പ്രതി മൊഴിയിൽ ഉറച്ചുനിന്നത്. ഉമ്മൂമ്മ സ്വർണമാല തന്നില്ലെന്നും കടുത്ത പകയുണ്ടായിരുന്നുവെന്നുമാണ് അഫാൻ പറയുന്നത്. എല്ലാ സിനിമകളും കണ്ടിരുന്നെങ്കിലും സിനിമ കൊലപാതകത്തിന് പ്രചോദനമായിട്ടില്ലെന്നും പ്രതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *