തിരുവനന്തപുരം: നിലമ്പൂരിൽ എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തിരഞ്ഞെടുപ്പിൽ വലിയ വിജയം പാർട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. പിപി സുനീറിന്റെ അൻവർ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടും ഇ പി ജയരാജൻ പ്രതികരിച്ചു. അൻവറിനെ പറ്റി സുനീർ പറഞ്ഞത് എന്തൊണെന്ന് തനിക്കറിയില്ലെന്നും അൻവറിനെ എൽഡിഎഫിൽ നിന്ന് പുറത്താക്കിയതാണെന്നുമായിരുന്നു ഇ പി ജയരാജൻ്റെ പ്രതികരണം.
സിപിഒ സമരത്തിൽ നടപടിക്രമങ്ങളിലൂടെ മാത്രമേ ഏത് ഗവൺമെന്റിനും നിയമനം നടത്താനാകൂ എന്നും സിപിഒ ഉദ്യോഗാത്ഥികൾ നിരാഹാരം കിടന്നാൽ നിയമവും ചട്ടവും മാറ്റാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. സമരം ചെയ്യുന്നവർ എല്ലാ കാര്യങ്ങളും ആലോചിക്കണമെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. എല്ലാ തൊഴിൽ രഹിതരോടും അനുഭാവമുള്ളവരാണ് സംസ്ഥാന ഗവൺമെന്റ്. സമരക്കാരെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യേണ്ടത് എന്നും ഇപി ജയരാജൻ പറഞ്ഞു.
അതേസമയം ആശാ പ്രവർത്തകർക്ക് വേണ്ടി ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ സാഹചര്യം കൂടി മനസ്സിലാക്കണം എന്നും അദ്ദേഹം കൂട്ടിചേർത്തു. ആശാപ്രവർത്തകരെ വഞ്ചിച്ചത് സമരത്തിന് ഇറക്കിയവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി