കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കോഴ്സുകള്‍ തുടങ്ങുന്നത് സുപ്രീംകോടതി തടഞ്ഞു. ഒരു അധ്യയനവര്‍ഷം പ്രവേശനത്തിന് അനുമതി നല്‍കിയതിന്റെ പേരില്‍ തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലും പ്രവേശനത്തിന് യോഗ്യതയുണ്ടെന്ന മെഡിക്കല്‍ കോളേജുകളുടെ വാദം നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കര്‍ണാടക ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് നിരീക്ഷണം.
ഇന്ത്യന്‍ മെഡിസിന് സെന്‍ട്രല്‍ കൗണ്‍സില്‍ ആക്ട് അനുസരിച്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് പഠന, പരിശീലന വിഷയങ്ങളില്‍ പുതിയ കോഴ്സുകളോ പിജി കോഴ്സുകളോ തുടങ്ങണമെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.
അപേക്ഷയ്ക്കുമുമ്പ് നിയമത്തിലെ 13–ാം വകുപ്പുപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 2018–2019 അക്കാദമിക് വര്‍ഷത്തില്‍ പ്രവേശനത്തിന് കര്‍ണാടക ആയുര്‍വേദ മെഡിക്കല്‍കോളേജിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, 2019–2020ല്‍ പ്രവേശനാനുമതി നല്കി. തുടര്‍ന്ന്, കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച കോളേജ് മുന്‍വര്‍ഷവും പ്രവേശനാനുമതി നല്‍കണമെന്ന് ഉത്തരവ് നേടി. ഇതിനെതിരെ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിനാണ് സുപ്രീംകോടതിയെ സമീപിച്ചത്.