ജിഷ കൊലക്കേസിലെ കുറ്റവാളി അമീറുള്‍ ഇസ്ലാമിനെ അസമിലെ ജയിലിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീംകോടതി

ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്‌ലാമിനെ നിലവിലെ ജയില്‍ചട്ട പ്രകാരം അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ജയില്‍മാറ്റം ആവശ്യമാണെങ്കില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ 2014-ലെ ചട്ടങ്ങള്‍ കൂടി ഹര്‍ജിയില്‍ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അമീറുളിന്റെ ഹര്‍ജി ഡിസംബര്‍ അഞ്ചിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് അമീറുള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അസമിലുള്ള അതിദരിദ്രരായ കുടുംബാംഗങ്ങള്‍ക്ക് തന്നെ കാണാന്‍ കേരളത്തിലേക്ക് എത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കുടുംബാംഗങ്ങളെ കാണുക എന്ന തന്റെ മൗലികാവകാശം സംരക്ഷിക്കണമെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അമീറുള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.