നിയമസഭ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണം നടത്തി ക്രെെം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ പകർപ്പുകൾ മുഴുവൻ കെെമാറണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. വിചാരണ തുടങ്ങുന്നതിന് മുൻപ് മുഴുവൻ വിവരങ്ങളും കെെമാറണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.എന്നാൽ പ്രതികൾക്ക് കെെമാറാൻ കഴിയുന്ന എല്ലാ രേഖകളും ഇതിനകം കെെമാറിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കോടതി ഇന്ന് കേസ് പരിഗണിക്കുമ്പോൾ ഈ തർക്കമാകും പരിഗണിക്കുക.

മന്ത്രി വി ശിവൻകുട്ടി, എൽഡിഎഫ് നേതാക്കളായ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ പ്രതികൾ സമീപിച്ചെങ്കിലും കോടതി പ്രതികളുടെ ആവശ്യം തള്ളിയിരുന്നു. 2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനാണ് നിയമസഭയിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷ എം എൽ എമാർ പ്രശ്നം ഉണ്ടാക്കിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരയടക്കം നശിപ്പിച്ചു. സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്ന് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പൊലീസാണ് അന്ന് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *