ആഗോള അയ്യപ്പ സംഗമം നടത്തുന്നതില്‍ യാതൊരു തര്‍ക്കവുമില്ല; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തുന്നതില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിശ്വാസികള്‍ ഉള്ള സമൂഹമാണിത്. കമ്മ്യൂണിസ്റ്റുകാരില്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസികള്‍ക്ക് വിശ്വാസികളുടെ നിലപാടും അവിശ്വാസികള്‍ക്ക് അവിശ്വാസികളുടെ നിലപാടും സ്വീകരിക്കാം. അമ്പലത്തില്‍ പോകേണ്ടവര്‍ക്ക് പോകാം പോകേണ്ടാത്തവര്‍ പോകേണ്ട. സിപിഐഎമ്മിന് ആഗോള അയ്യപ്പ സംഗമത്തിന് ഒപ്പമുള്ള നിലപാടാണ്.താത്വിക അവലോകനത്തിന് താന്‍ പോയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അടഞ്ഞ അധ്യായം എന്നല്ല താന്‍ പറഞ്ഞത്. വര്‍ഗീയതയ്ക്ക് എതിരായിരിക്കും ആഗോള അയ്യപ്പ സംഗമം. വിശ്വാസികള്‍ക്ക് അനുകൂലമായിരിക്കും. വിശ്വാസത്തെ വര്‍ഗീയവാദികള്‍ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. വര്‍ഗീയതയെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള വലിയൊരു വിഭാഗം വിശ്വാസികളാണ്.

വര്‍ഗീയവാദികള്‍ വര്‍ഗീയ നിലപാട് സ്വീകരിക്കും എന്നതിന്റെ തെളിവാണ് ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ആഗോള അയ്യപ്പ സംഗമത്തിനെതിരായ നിലപാട്.
വിശ്വാസികളുടെ ഏത് കൂട്ടായ്മയെയും എതിര്‍ക്കേണ്ടതില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.