ആലപ്പുഴ : ഭേദചിന്തകൾ തിരികെക്കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ നവോത്ഥാന മൂല്യങ്ങൾ നിലനിർത്താൻ ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം വേറിട്ട സംസ്ഥാനമായി നിലനിൽക്കുന്നതിനു പ്രധാനകാരണം നവോത്ഥാന മൂല്യങ്ങൾക്ക് പിന്തുടർച്ചയുണ്ടായതാണ്. പല സംസ്ഥാനങ്ങളിലും കേരളത്തെക്കാൾ മികച്ച രീതിയിൽ നവോത്ഥാന മുന്നേറ്റമുണ്ടായെങ്കിലും അതെല്ലാം തകർന്ന അവസ്ഥയിലായി. ഇവിടെ അതുണ്ടാകാഞ്ഞത് സാമൂഹിക, സാമ്പത്തിക മേഖലയിൽ അതിനു പിന്തുടർച്ച ഉണ്ടായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്തു മോഹിച്ചാലും അതു കിട്ടണമെന്നാഗ്രഹിച്ച ഒരു തമ്പുരാൻ കാലമുണ്ടായിരുന്നു ഇവിടെ. അക്കാലത്ത് കൂടുതൽ പീഡനമേറ്റുവാങ്ങിയത് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളാണെന്നും ചോദ്യംചെയ്യുന്ന മാനസികാവസ്ഥയിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവന്നത് നവോത്ഥാന നായകരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദൗർഭാഗ്യവശാൽ ഭേദചിന്തകളെല്ലാം തിരികെക്കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്. നവോത്ഥാന നായകരെപ്പോലെ ഇതിനെതിരേ ശബ്ദിക്കണം. ഇതിനു കൂട്ടായ്മയുണ്ടാകണം. അതിനായി കെപിഎംഎസ് മാത്രമല്ല എല്ലാവരും യോജിച്ച് നാടിന്റെ തനിമ നിലനിർത്താൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ കടപ്പുറത്തു നടന്ന സമ്മേളനത്തിൽ വൻ ജനാവലിയുണ്ടായിരുന്നു. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി എ അജയഘോഷ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മന്ത്രി പി പ്രസാദ്, എംഎൽഎമാരായ രമേശ് ചെന്നിത്തല, പി പി ചിത്തരഞ്ജൻ, എച്ച് സലാം, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ, സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ പ്രസംഗിച്ചു. സംവിധായകൻ മാരി ശെൽവരാജ് മുഖ്യാതിഥിയായി.