കൊവിഡ് വ്യാപനത്തില്‍ നിലവില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ കേസുകള്‍ കുറവാണ്. എന്നാല്‍ രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം സ്വയം ശ്രദ്ധിക്കണം. കൊവിഡ് പ്രതിരോധം കേരളത്തിലും ശക്തമാക്കും. മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ദിവസവും യോഗം ചേരും.
കൊവിഡില്‍ പഠിച്ച ശീലങ്ങള്‍ വീണ്ടും പ്രാവര്‍ത്തികമാക്കണം. രോഗബാധയുള്ളവരുമായി അടുത്തിടപഴകരുത്. സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫര്‍ സോണ്‍ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. ജനങ്ങളുടെ ഉത്കണ്ഠകള്‍ പരിഗണിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത്.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കും. സര്‍ക്കാരിന്റെ ശക്തമായ നിലപാടാണിത്. മറിച്ചുള്ള പ്രചാരണം തള്ളിക്കളയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒഴിവാകണം, കൃഷി നിര്‍ത്തണം എന്നൊക്കെ പറയുന്നത് വ്യാജ പ്രചാരണമാണ്.
ജയറാം രമേശ് കേന്ദ്ര മന്ത്രിയായിരിക്കെയാണ് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചത്. അന്ന് ജയറാം രമേശ് കടുത്ത നിര്‍ബന്ധ ബുദ്ധിയാണ് കാണിച്ചത്. ബഫര്‍ സോണ്‍ നടപ്പാക്കുന്നില്ലെന്ന് കേരളത്തെ ജയറാം രമേശ് കുറ്റപ്പെടുത്തി. ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ ബഫര്‍ സോണ്‍ നടപ്പിലാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ബഫര്‍ സോണ്‍ 12 കിലോമീറ്ററില്‍ നിന്ന് ഒരു കിലോമീറ്ററായി ചുരുക്കിയത് എല്‍ ഡി എഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉപഗ്രഹ ചിത്രങ്ങള്‍ പൂര്‍ണമല്ല. ഉപഗ്രഹ സര്‍വേയില്‍ ചില വീടുകളും കെട്ടിടങ്ങളും ഒഴിവാകും. ഈ പിഴവുകള്‍ പരിഹരിക്കാനാണ് ഫീല്‍ഡ് സര്‍വേ. ജൂണ്‍ മൂന്നിന് വിധി വന്നിട്ട് ജൂണ്‍ എട്ടിന് തന്നെ വനം വകുപ്പ് യോഗം വിളിച്ചു. റിമോട്ട് സെന്‍സിങ് ഏജന്‍സിയെ സമീപിച്ചു. ജൂണ്‍ 14ന് കേന്ദ്ര സര്‍ക്കാരിന കത്തയച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കാലതാമസം ഉണ്ടായിട്ടില്ല. ആധികാരിക വിവരങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാവൂ. മലയോര ജനതയെ ആശങ്കയിലാഴ്ത്തുന്ന പ്രചാരണങ്ങള്‍ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.