തിരുമല അനിലിന്റെ ആത്മഹത്യ: ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാന്‍ സാധ്യത

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. സമഗ്ര അന്വേഷണം വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. മരണത്തില്‍ ബിജെപിയ്ക്ക് പങ്കുണ്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇക്കാര്യം അറിയാമായിരുന്നെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം അനിലിന്റെ ആത്മഹത്യയില്‍ ബിജെപി നേതൃത്വത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ നേതാക്കളുടെ വിമര്‍ശനവും ശക്തമാവുകയാണ്. അനില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഞ്ജനാ ദേവി പറഞ്ഞു. തിരുമല അനിലിന്റെ പ്രതിസന്ധിയില്‍ നേതൃത്വം ഇടപെട്ടില്ലെന്ന് ബിജെപി നേതാവ് ഹരിശങ്കര്‍ ആരോപിച്ചു. ഭരണസമിതി അംഗങ്ങളായ നേതാക്കള്‍ പിന്തുണച്ചില്ലെന്ന് അനില്‍ തന്നോട് നേരിട്ട് പറഞ്ഞതാണെന്നും ഹരിശങ്കര്‍ പറഞ്ഞു.

അനില്‍ പ്രസിഡന്റായ സഹകരണ സംഘത്തില്‍ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തിയിരുന്നു. രണ്ടു മാസങ്ങള്‍ക്കു മുമ്പ് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ബാങ്കിന് നഷ്ടമായ തുക സെക്രട്ടറിയും പ്രസിഡന്റും ഭരണസമിതി അംഗങ്ങളും പലിശ സഹിതം തിരിച്ചു നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.