തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ

പതിനാറാം കേരള നിയമസഭയിലെ പുതിയ സ്‌പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിനെ പ്രതിനിധീകരിച്ച് എ.സി. മൊയ്തീനും, ബിജെപി സ്ഥാനാർത്ഥിയായി ബി.ബി. ഗോപകുമാറുമാണ് മത്സരിച്ചത്. നിയമസഭാ ചരിത്രത്തിൽ ഇതാദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് ബി.ജെ.പി ഒരു സ്ഥാനാർത്ഥിയെ നിർത്തിയത്.
തിരഞ്ഞെടുപ്പിൽ ആകെയുള്ള 139 വോട്ടുകളിൽ 101 വോട്ടുകൾ നേടിയാണ് തിരുവഞ്ചൂർ സ്പീക്കർ പദവിയിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സി മൊയ്തീന് 35 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി ബി.ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. പ്രോ ടേം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്നാണ് ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ആനയിച്ചത്.
എട്ടാം തവണയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിലെത്തുന്നത്. 1991 മുതൽ സഭാംഗമായ അദ്ദേഹം മുൻ ആഭ്യന്തര മന്ത്രി കൂടിയാണ്. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകും. മെയ് 29-നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.