സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കും : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ശാക്തീകരണം സംബന്ധിച്ചുള്ള സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍
നടപ്പാക്കിയേ കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനാകൂ.
അതിനു സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. ഇക്കാര്യങ്ങള്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനെ സംബന്ധിച്ചു തീരുമാനമെടുക്കും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്കായി കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നു മന്ത്രി ആന്റണി രാജു. 700 സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2021ല്‍ ഇക്കാര്യം തീരുമാനിക്കുമ്പോള്‍ 54 രൂപയായിരുന്നു സിഎന്‍ജിക്കു വില. ആറു മാസത്തിനിടെ വില ക്രമാതീതമായി വര്‍ധിച്ച് ഇപ്പോള്‍ 83 രൂപയായിരിക്കുന്നു. ഈ സാഹചര്യത്തില്‍ സിഎന്‍ജി ബസുകള്‍ വാങ്ങുന്നത്ലാഭകരമാകുമോയെന്നു സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ആറു മാസത്തെ സിഎന്‍ജി വില പരിശോധിച്ച ശേഷം ഏതു ബസ് വാങ്ങണമെന്നതില്‍ അന്തിമ
തീരുമാനമെടുക്കും. ഡീസല്‍ ബസുകള്‍ക്ക് 32 മുതല്‍ 35 ലക്ഷം രൂപ വരെയാണ് വില. സിഎന്‍ജിക്ക് ഇത് 37 മുതല്‍ 40 ലക്ഷം വരെയാണ്. ഇലക്ട്രിക് ബസുകള്‍ക്കു പരിപാലന ചിലവടക്കം 90 ലക്ഷമാണ് വില. ഡീസല്‍ ബസിന് കിലോമീറ്ററിന് 27 രൂപ ചിലവു വരുമ്പോള്‍ സിഎന്‍ജിക്ക് 20 രൂപയാണ് ചിലവ്. ഇലക്ട്രിക് ബസുകള്‍ക്ക് 18 രൂപയേ വരുന്നുള്ളൂ.
ഡീസല്‍ ബള്‍ക്ക് പര്‍ച്ചേസ് നടത്തുമ്പോള്‍ 132.94 രൂപയാണ് നല്‍കേണ്ടി വരുന്നത്. നേരത്തെ നല്കിയതിനേക്കാള് 48.2 രൂപ അധികമാണിതെന്നും മന്ത്രി പറഞ്ഞു.
യൂണിയന് നേതാക്കള്‍ക്കു പ്രൊട്ടക്ഷന്‍ നല്കുന്ന സംവിധാനം പുന:പരിശോധിക്കും : മന്ത്രി ആന്റണി രാജു
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ യൂണിയന് നേതാക്കള്‍ക്ക് പ്രൊട്ടക്ഷന്‍ നല്കുന്ന സംവിധാനം പുനഃപരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു. 93 യൂണിറ്റിലായി അംഗീകൃത യൂണിയനുകളിലെ മുന്നൂറോളം ജീവനക്കാര്‍ക്കാണു നിലവില്‍ പ്രൊട്ടക്ഷന്‍ നല്‍കുന്നത്. ഈ രീതിയില്‍ മുന്നോട്ട് പോയി കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനാകില്ല. കെസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് പൊതു ആവശ്യമാണെന്നും ഇതിനാണു പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വിഫ്റ്റ് സര്‍വീസില്‍ നിന്നുള്ള വരുമാനവും സ്വത്തും 10 വര്‍ഷം
കഴിയുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് സ്വന്തമാകും. സ്വിഫ്റ്റ് സ്വകാര്യ കമ്പനിയാണെന്ന വ്യാജ പ്രചരണമുണ്ട്. സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള സ്വതന്ത്ര കമ്പനിയാണ് സ്വിഫ്റ്റ്. കെഎസ്ആര്‍ടിസിയുടെയും സ്വഫ്റ്റിന്റെയും സിഎംഡി ഒരാള്‍ തന്നെയാണ്. ഡയറക്ടര്‍മാരെ നിശ്ചയിക്കുന്നതും സര്‍ക്കാരാണ്. കെഎസ്ആര്‍ടിസി, സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെടുന്നത് സ്വകാര്യ ബസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണു സ്വിഫ്റ്റ് രൂപീകരിച്ചത്. കെഎസ്ആര്‍ടിസിയില്‍ ശരാശരി ശമ്പളം 34000 രൂപയാണെങ്കില്‍ സ്വിഫ്റ്റില്‍ 13000 രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.
എല്‍ഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സഹായമായി
കഴിഞ്ഞ വര്‍ഷം നല്‍കിയത് 2037 കോടി രൂപയാണ്. പെന്ഷന് അതാത് മാസം നല്‍കുന്നതും സര്‍ക്കാര്‍ സഹായത്താലാണ്. ടിക്കറ്റ് ഇതര വരുമാനത്തില്‍ വര്നവുണ്ടായി. പ്രതിമാസം 11 കോടി രൂപയാണ് ഈയിനത്തില്‍ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ നയം ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിര് : മന്ത്രി ആര്.ബിന്ദു
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ നയം ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിരാണെന്നു മന്ത്രി ആര്.ബിന്ദു. ഇതിനെ എങ്ങനെ മറികടക്കാമെന്നാണു സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുന്‍നിരയില്‍ കൊണ്ടു വരാനുള്ള നയമാണു സംസ്ഥാനത്തിന്റേത്. എന്നാല്‍
ഇതിനെ പാടെ അവഗണിക്കുന്ന നയമാണ് കേന്ദ്രത്തിന്റേത്.
നാല് വര്‍ഷ ഡിഗ്രി കോഴ്സുകള്‍ക്ക് ആവശ്യമായ കരിക്കുലം ചട്ടക്കൂട് യുജിസി നിര്‍ദേശങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ സര്‍വകലാശാലകള്‍ രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്. നിലവിലെ മൂന്നു വര്‍ഷ ബിരുദ കോഴ്സുകള്‍ നാല് വര്‍ഷ പ്രോഗ്രാമുകളായി യാന്ത്രികമായി മാറ്റാന്‍ കഴിയില്ല. ഇതിന് ആവശ്യമായ അക്കാദമിക് പശ്ചാത്തല സൗകര്യങ്ങളും സര്‍വകലാശാലകളിലും കോളജുകളിലും അധികമായി കണ്ടെത്തേണ്ടി വരും. ഇത് വിദ്യാര്‍ത്ഥികളുടെ പഠനചെലവ് വര്‍ധിക്കാനും പഠനം പൂര്‍ത്തീകരിക്കാതെയുള്ള കൊഴിഞ്ഞു പോക്കിനും ഇടയാക്കിയേക്കുമെന്നും മന്ത്രി പറഞ്ഞു.
ഡോ: ശ്യാം ബി. മേനോന് ചെയര്‍മാനായ ഉന്നത വിദ്യാഭ്യാസ പരിഷ്ക്കരണ കമ്മീഷനെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും പരിഷ്ക്കരിക്കുന്നതിനു നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
16.01 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിച്ചു : മന്ത്രി പി.പ്രസാദ്
തിരുവനന്തപുരം: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 16.01 ലക്ഷം മെട്രിക് ടണ്‍
പച്ചക്കറി സംസ്ഥാനത്ത് ഉല്പ്പാദിപ്പിച്ചുവെന്നു മന്ത്രി പി.പ്രസാദ്.
നാഷണല്‍ സാമ്പില്‍ സര്‍വേ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പ്രതിവര്‍ഷം 20 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ് ആവശ്യമായി വരുന്നത്.
കേന്ദ്ര കരട് റബര്‍ ആക്ടില്‍ കര്‍ഷകരുടെ താല്പര്യങ്ങള്
ഹനിക്കുന്നതിലെ വിയോജിപ്പ് കേന്ദ്രത്തിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക കയറ്റുമതി നയത്തില്‍ റബര്‍
ക്ലസ്റ്ററില്‍ കോട്ടയം, പത്തനംതിട്ട എറണാകുളം , കണ്ണൂര്‍ ജില്ലകളെ
ഉള്‍പ്പെടുത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.