ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്ത ടിടിഇമാരെ ആക്രമിച്ചു; രണ്ട്   യുവാക്കൾ  പിടിയിൽ

തൃശൂർ: ട്രെയിനിൽ ടിടിഇമാർക്കുനേരെയുള്ള ആക്രമണം തുടർക്കഥയാവുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം ബംഗളൂരു-കന്യാകുമാരി എക്സ്‌പ്രസിലാണ് ആക്രമണമുണ്ടായത്. വടക്കാഞ്ചേരിയിൽ വച്ച് ടിടിഇമാരായ മനോജ് വർമ, ഷെമി രാജ് എന്നിവരെ രണ്ടുയുവാക്കൾ ആക്രമിക്കുകയായിരുന്നു. ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതായിരുന്നു കാരണം. ആക്രമണത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പൊന്നാനി സ്വദേശി ആഷിഖ്, കൊല്ലം സ്വദേശി ആശ്വിൻ എന്നിവരെ ആർപിഎഫ് പിടികൂടി. ഇവരുടെ ബാഗിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ചോദ്യംചെയ്യൽ തുടരുകയാണ്.

മേയ് പതിമൂന്നിന് മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസിലും ടിടിഇയ്ക്കുനേരെ ആക്രമണം നടന്നിരുന്നു. ട്രെയിൻ തിരൂരിനടുത്ത് എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ പൊലീസ് പിടികൂടി. ആക്രമണത്തിൽ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയുടെ മൂക്കിനാണ് പരിക്കേറ്റത്. ടിക്കറ്റ് ചോദിച്ചപ്പോൾ യാത്രക്കാരൻ തന്റെ മൂക്കിന് ഇടിക്കുകയായിരുന്നെന്ന് വിക്രം കുമാർ മീണ പറഞ്ഞത്.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് നാടിനെ ഞെട്ടിച്ചുകൊണ്ട് പട്‌ന എക്‌സ്പ്രസിലെ ടിടിഇ വിനോദിനെ യാത്രക്കാരൻ കൊലപ്പെടുത്തിയത്. ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടാണ് വിനോദിനെ പ്രതി കൊലപ്പെടുത്തിയത്. തൃശൂര്‍ വെളപ്പായയില്‍ വച്ചായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. അന്യസംസ്ഥാന തൊഴിലാളി രജനീകാന്താണ് സംഭവത്തിൽ അറസ്റ്റിലായത്. പാലക്കാട് റെയിൽവേ പൊലീസാണ് രജനീകാന്തിനെ പിടികൂടിയത്. പ്രതി സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *