സംസ്ഥാനത്ത് പാമ്പുകടിയേറ്റ് രണ്ട് കുട്ടികൾ മരിച്ചു; ജീവൻ നഷ്ടമായത് 11കാരിക്കും 13കാരിക്കും

അരൂർ: ഡാൻസ് ക്ലാസിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. അരൂർ സ്വദേശിനി നിയ ലെനിൻ (11) ആണ് മരിച്ചത്. ഈ മാസം ആറാം തീയതിയാണ് പാമ്പ് കടിയേറ്റത്. ഡാൻസ് ക്ലാസിലേക്ക് പോകുംവഴി കാലിൽ എന്തോ കടിച്ചതുപോലെ തോന്നിയിരുന്നു. കട്ടുറുമ്പ് കടിച്ചതാണെന്നാണ് നിയ ആദ്യം കരുതിയത്.

എന്നാൽ ഒരു ഒരു മണിക്കൂറിനകം കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ശാരീരിക അസ്വസ്ഥതകൾ കഠിനമാകുകയും ചെയ്തതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട നിയ 24 ദിവസം ചികിത്സയിൽ തുടർന്നു. ഒടുവിൽ ഇന്ന് 7.30ന് മരണത്തിന് കീഴടങ്ങി.പാലക്കാട് നെന്മാറയിലും പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു.

രാമൻ – അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് പാമ്പ് കടിയേറ്റത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞ് ഈ കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് ബോധരഹിതയായി വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് കുട്ടിയുടെ നില അതീവ ഗുരുതരമാകുകയും പിന്നാലെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.