നടനും തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ

തൃശൂർ: നടനും തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്കുളളതെന്നും കെ മുരളീധരൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ സുരേഷ് ഗോപി സന്ദർശനം നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കരുണാകരന്റെ കുടുംബത്തിന് ഒരു പ്രത്യേകതയുണ്ടെന്നും വീട്ടിൽ എത്തുന്നവർ ശത്രുക്കളാണെങ്കിലും മാന്യമായിട്ടേ പെരുമാറുളളൂവെന്നും കെ മുരളീധരൻ വ്യക്തമാക്കി.’വീട്ടിൽ വരുന്നവരെ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിന് ഇല്ല. ചില വീടുകളിൽ ഗെറ്റ് ഔട്ട്‌ അടിച്ചല്ലോ. കെ കരുണാകരന്റെ കെയറോഫിൽ പത്ത് വോട്ട് കിട്ടുമെന്ന് ബിജെപി കരുതേണ്ട. മൂന്നാം സ്ഥാനത്തേക്ക് തന്നെ പോകും. രണ്ട് പേർക്കാണ് കേരളത്തിൽ സമനില തെറ്റിയത്. ഒന്ന് ബിജെപിക്ക്, രണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിക്ക്’കെ മുരളീധരൻ പറഞ്ഞു.

അതേസമയം, സംഭവത്തിൽ സുരേഷ് ഗോപിയും പ്രതികരിച്ചിരുന്നു. താൻ അവിടെ പോയി വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്നും വോട്ട് ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ‘യോഗ്യമെന്ന് തോന്നുന്നതാണ് വ്യക്തികൾ ചെയ്യുക. വ്യക്തികളുടെ ബലാബലത്തിലാവും തന്റെ വിജയം. കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണം. കെ കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് തുടരും. കെ കരുണാകരൻ ജനകീയ നേതാവായിരുന്നു. കരുണാകരന്റെ ശവകുടീരം സന്ദർശിക്കണോ എന്ന് തന്റെ നേതാക്കൾ പറയട്ടെ. ഒരിടത്തും കടന്നു കയറില്ല. പാർട്ടി നേതൃത്വം അനുവദിച്ചാൽ സന്ദർശിക്കും’- സുരേഷ് ഗോപി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *