ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണം: പിവി അന്‍വര്‍

മലപ്പുറം:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അന്‍വര്‍. നേതാക്കള്‍ വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്നും പിവി അന്‍വര്‍ പറഞ്ഞു. മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തോ, വിഎസ് ജോയിയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തീരുമാനം പറയാന്‍ പറ്റില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.

പിണറായിക്കെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ശക്തിപകരേണ്ട ഘടകങ്ങളെ യോജിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. ഒരു കൂട്ടായ പ്രവര്‍ത്തനത്തിലൂടെയെ പിണറായിയെ തകര്‍ക്കാന്‍ കഴിയുകയുള്ളുവെന്നും പിവി അന്‍വര്‍ പറഞ്ഞു. അതിനായി യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാകേണ്ടതുണ്ട്. യുഡിഎഫ് പ്രവേശനം ഉറപ്പായാല്‍ കൂടുതല്‍ പേര്‍ ഒപ്പം വരും. അത്തരത്തില്‍ കൂട്ടായ പ്രവര്‍ത്തനം നടത്താനാകും. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണം. ആര്‍ക്കാണ് വിജയ സാധ്യതയെന്ന് നേതൃകത്വത്തെ അറിയിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തടസമെന്താണെന്നത് ഉത്തരവാദിത്വത്തപ്പെട്ടവരാണ് പറയേണ്ടത്. ആത്യന്തികമായി ലക്ഷ്യം പിണറായിസത്തെ തകര്‍ക്കലാണ്.

പിണറായിസത്തെ തകര്‍ക്കാനാണ് ഇത്രയും റിസ്‌ക്കെടുത്ത് താന്‍ എംഎല്‍എ സ്ഥാനമടക്കം രാജിവെച്ചത്. കേരളത്തിലെ ജനവികാരം പിണറായിക്കെതിരെയാണെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് താന്‍. അത് തെളിയിക്കാനുള്ള ബാധ്യത യുഡിഎഫിനുണ്ട്. പിണറായി വീണ്ടും അധികാരത്തിലെത്തുമോയെന്ന ചിന്ത ജനങ്ങള്‍ക്കുണ്ട്. എല്‍ഡിഎഫ് ഉണ്ടാക്കുന്ന ഈ ഒരു പ്രതീതിയെ ഇല്ലാതാക്കാനുള്ള പോരാട്ടമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടത്. താന്‍ മത്സരിക്കുന്നില്ല എന്ന് പറഞ്ഞത് ഈ തെരഞ്ഞെടുപ്പിലാണ്, അല്ലാതെ 2026 ല്‍ അല്ലെന്നും നിലമ്പൂരില്‍ നടക്കാന്‍ പോകുന്നത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും അന്‍വര്‍ പറഞ്ഞു.

അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിഎസ് ജോയിയോയെ അതോ ആര്യാടന്‍ ഷൗക്കത്തോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. നിലമ്പൂരില്‍ ഇന്ന് മുസ്ലീം ലീഗ് കണ്‍വെന്‍ഷന്‍ നടക്കും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഏതു സമയവും വരാമെന്നിരിക്കെ മുന്നണികള്‍ തിരക്കിട്ട സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലാണ്. പാര്‍ട്ടിക്കു പുറത്തുള്ള വോട്ടുകള്‍ കൂടി ആകര്‍ഷിക്കാന്‍ കഴിയുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയെ ആണ് സിപിഎം പരിഗണിക്കുന്നത്. ചുങ്കത്തറ മാര്‍ത്തോമ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊ.തോമസ് മാത്യു, നിലമ്പൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷിനാസ് ബാബു, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു.ഷറഫലി, എന്നിവര്‍ ആണ് പരിഗണയില്‍. തനിക്ക് മത്സരിക്കാന്‍ സമ്മതമെന്ന മട്ടില്‍ ഷറഫലി കഴിഞ്ഞ ദിവസം പ്രതികരിയ്ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *