“യുഡിഎഫിന് 100 സീറ്റ്; കേരള കോൺഗ്രസിന് അർഹമായ പരിഗണന ലഭിക്കും”അപു ജോൺ ജോസഫ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് നേതാവുമായ അപു ജോൺ ജോസഫ്. തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രതീക്ഷിച്ച അനുകൂല തരംഗം എക്സിറ്റ് പോളുകളിലും പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സഖ്യം 100 സീറ്റുകൾ വരെ നേടി അധികാരത്തിൽ വരും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച എട്ട് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രതീക്ഷ. ഏഴ് സീറ്റുകളിൽ ഉറപ്പായും വിജയിക്കുമെന്നും യുഡിഎഫ് തരംഗമുണ്ടായാൽ എട്ടിലും ജയം സുനിശ്ചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ നടക്കുന്നത് പാർട്ടിയിലെ ജനാധിപത്യത്തിന്റെ തെളിവാണ്. ഇത് പോരായ്മയല്ല, മറിച്ച് മേന്മയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം കോൺഗ്രസ് നേതൃത്വത്തിനാണെന്നും അവർ എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അപു ജോൺ ജോസഫ് കൂട്ടിച്ചേർത്തു.
മന്ത്രിസ്ഥാനങ്ങളെ സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ നടക്കുകയുള്ളൂ. മുന്നണിയിലെ ഘടകകക്ഷികൾക്ക് അർഹമായ പരിഗണനയും മാന്യമായ സ്ഥാനങ്ങളും ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നണി സംവിധാനത്തിന്റെ കെട്ടുറപ്പിനായി ചില സീറ്റുകളിൽ വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ടെന്നും, വരാനിരിക്കുന്ന സർക്കാർ ജനവിധി മാനിച്ച് മികച്ച ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.